നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും: പ്രമീള ശശിധരൻ
1540083
Sunday, April 6, 2025 5:49 AM IST
പാലക്കാട്: കഞ്ചിക്കോട് മേഖലയിൽ വ്യവസായ വികസന സാധ്യതകൾ മുൻനിർത്തി പാലക്കാട് നഗരത്തിൽ ഉണ്ടാകാവുന്ന ജനബാഹുല്യവും തിരക്കുകളും കണക്കിലെടുത്ത് നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമെന്ന് പാലക്കാട് നഗരസഭ ചെയ്പേഴ്സണ് പ്രമീള ശശിധരൻ പറഞ്ഞു. പാലക്കാട് മാനേജ്മെന്റ് അസോസിയേഷന്റെ വിഷൻ 2030 നോട് അനുബന്ധിച്ച് നടത്തിയ കോഫി വിത്ത് പോളിസി മേക്കേഴ്സ് എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.
പാലക്കാടിനെ ഒരു സംഗീത നഗരമാക്കി മാറ്റണമെന്നും കോട്ടക്ക് ചുറ്റും വിനോദസഞ്ചാരത്തിനുള്ള സാധ്യതകൾ വികസിപ്പിക്കണമെന്നും നഗരത്തിൽ പുതിയ ഫ്ളൈ ഓവറുകൾ നിർമിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് തീരുമാന ങ്ങൾ എടുക്കുന്നതിലും നട പ്പിലാക്കുന്നതിലും തടസം നേരിടുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ നഗരസഭാ വൈസ് ചെയർമാൻ അഡ്വ.ഇ. കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.
നഗരസഭയുടെ അധീനതയിലുള്ള ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ സ്വകാര്യസ്ഥാപങ്ങളുടെ സഹായത്തോടെ വികസിപ്പിക്കുവാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ.പി. ശിവദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചർച്ച മുൻ പ്രസിഡന്റ് സുമേഷ് മേനോൻ മോഡറേറ്റ് ചെയ്തു. പാലക്കാട് മാനേജ്മെന്റ് അസോസിയേഷൻ ട്രസ്റ്റി അഡ്വ.പി. പ്രേംനാഥ്, വിമൽ വേണു, സുനിൽ ജോസഫ്, രാജപ്പൻ, പി. നാരായനുണ്ണി, രത്ന പ്രഭു, ബിന്ദു വാളൂർ എന്നിവർ പ്രസംഗിച്ചു.
സെക്രട്ടറി മുഹമ്മദ് ആസിഫ് സ്വാഗതവും കമ്മിറ്റി മെംബർ നന്ദിത പരിതോഷ് നന്ദിയും പറഞ്ഞു.