ഒറ്റപ്പാലം അർബൻ ബാങ്കിന്റെ ബിസിനസ് ആയിരംകോടി കവിഞ്ഞു
1540074
Sunday, April 6, 2025 5:49 AM IST
ഒറ്റപ്പാലം: കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബിസിനസ് 1000 കോടി രൂപ കവിഞ്ഞു. മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് വൻ പ്രവർത്തന മികവ് നേടി. സഹകരണ ബാങ്കുകളിൽ നിന്നും നിക്ഷേപം പിൻവലിക്കുന്ന പ്രവണത തടഞ്ഞു നിർത്താനും 557 കോടി രൂപ നിക്ഷേപം നിലനിർത്താനും ബാങ്കിന് കഴിഞ്ഞു. ബാങ്കിന്റെ വായ്പ 296 കോടി രൂപയാണ്. നോൺ പെർഫോമിംഗ് അസറ്റ് 4.71 % ആയി കുറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബാങ്കിന്റെ ലാഭം മുൻവർഷത്തേക്കാൾ അധികരിച്ച് 3.26 കോടി രൂപ ലാഭം നേടാനാവുകയും ചെയ്തു. 2024 -25 സാമ്പത്തികവർഷത്തിൽ ഒറ്റതവണ തീർപ്പാക്കൽ പദ്ധതി ഇനത്തിൽ 2.17 കോടി രൂപ അസുഖം, അനാരോഗ്യം, തൊഴിൽ നഷ്ടം, ബിസിനസ് തകർച്ച എന്നീ കാരണങ്ങൾ കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്ന സാധാരണക്കാർക്ക് ഒഴിവാക്കി നൽകിയതും ഏതാണ്ട് 2 കോടിയിൽ അധികം തുക ആദായനികുതി ഇനത്തിൽ മാറ്റി വെച്ചതിനും ശേഷമാണ് ബാങ്കിന്റെ ലാഭം. 11.47 കോടി രൂപ മൂലധനമുള്ള ബാങ്കിന്റെ മൂലധന പര്യാപ്തത 20.27% ആണ്. 2025-26 സാമ്പത്തിക വർഷത്തിൽ വായ്പയുടെ കാര്യത്തിൽ 30 % വർധനവും, നിക്ഷേപത്തിന്റെ കാര്യത്തിൽ 28% വർധനവും ലക്ഷ്യമിടുന്നു.