കാർഷികമേഖലയ്ക്ക് ഉണർവേകാൻ വേണം പാലക്കയത്തിനൊരു വികസനപദ്ധതി
1540114
Sunday, April 6, 2025 6:04 AM IST
പാലക്കയം: കുടിയേറ്റത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ച പാലക്കയത്തിന് വികസനപദ്ധതി വേണമെന്ന ആവശ്യം ശക്തമായി. ദാരിദ്ര്യം നിർമാർജനം ചെയ്യാനും ഭക്ഷ്യസുരക്ഷ ഒരുക്കാനും കൂടുതൽ പ്രദേശങ്ങളിൽ കൃഷി വ്യാപിപ്പിക്കാനുമുള്ള കേരള സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി മധ്യതിരുവിതാംകൂറിൽനിന്നും മലബാറിലേക്കു കുടിയേറിപ്പാർത്ത കർഷകരുടെ പ്രശ്നങ്ങൾ പലതും ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുന്നു.
75 വർഷം മുമ്പ് സർക്കാരിന്റെ വാഗ്ദാനം അനുസരിച്ച് ഉള്ള വീടും സ്ഥലവും വിറ്റ് കിട്ടിയ പണവുമായി കോട്ടയം ജില്ലയിലെ പാലാ, ഭരണങ്ങാനം, മറ്റക്കര, പുതുപ്പള്ളി, മുണ്ടക്കയം, ആരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി തുടങ്ങിയ ഭാഗങ്ങളിൽ നിന്നും പാലക്കാട് ജില്ലയിലെ പാലക്കയം, വട്ടപ്പാറ, ഇരുമ്പാമുട്ടി, ചീനിക്കപ്പാറ തുടങ്ങിയ ഭാഗങ്ങളിലേയ്ക്ക് കുടിയേറി കാടുവെട്ടിത്തെളിച്ച് കൃഷി ചെയ്തവരാണ് ഇവരുടെ പൂർവികർ.
കാട്ടുമൃഗങ്ങളോടും പകർച്ചവ്യാധികളോടൂം പട്ടിണിയോടും പടപൊരുതി ജയിച്ച ഒരു സമൂഹം ഇന്ന് കഷ്ടപ്പാടിലാണ് ജീവിക്കുന്നത്. ആദ്യ കാലഘട്ടത്തിൽ കർഷകർ നേരിട്ട വന്യമൃഗ ശല്യം ഇന്നും സജീവമാണ്. ഈ പ്രദേശത്തുള്ളവരിൽ 90 ശതമാനം ജനങ്ങളും കർഷകരും കൃഷി ചെയ്ത് ജീവിക്കുന്നവരുമാണ്. റബർ, കുരുമുളക്, ഇഞ്ചി, മഞ്ഞൾ, തേങ്ങ, അടയ്ക്ക, ജാതിക്ക, മരച്ചീനി, ചേമ്പ്, കാച്ചിൽ തുടങ്ങിയവയായിരുന്നു ഇവരുടെ പ്രധാന നാണ്യവിളകൾ.
കാർഷിക ഉത്പന്നങ്ങളുടെ വിലത്തകർച്ചയും ഉത്പാദനത്തിൽ വന്ന ഇടിവും കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ്. കാട്ടാനകളും മാൻ, കാട്ടുപന്നി, മുള്ളൻപന്നി, മയിൽ, പുലി തുടങ്ങിയ ജീവികളും കൃഷിയിടത്തിൽ എത്തി നാശനഷ്ടങ്ങൾ വരുത്തുന്നതും പതിവാണ്. വന്യമൃഗങ്ങളുടെ ശല്യവും കാർഷികവിലകളുടെ ഉത്പാദനക്കുറവും വിലത്തകർച്ചയും പണിയെടുക്കാൻ ആളുകളെ കിട്ടാത്തതും കർഷകരെ കൃഷിപ്പണിയിൽ നിന്നും അകറ്റി. പലരും കൃഷിഭൂമി തരിശിടികയാണ്.
തമിഴ്നാട് സർക്കാരിന്റെ അധീനതയിൽ ഇടക്കുർശിയിൽ നിന്നും പാലക്കയം വഴി ശിരുവാണി ഡാമിലേയ്ക്ക് 22 കിലോമീറ്റർ റോഡുണ്ടെങ്കിലും കൃത്യമായ അറ്റകുറ്റപ്പണികൾ ഇല്ലാതെ തകർന്നുകിടക്കുകയാണ്. പൊതുഗതാഗതവും പേരിനുമാത്രമേ ഉള്ളൂ. കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷികവിളകൾ മൂല്യവർധിത വസ്തുക്കളായി മാറ്റി വില്പന നടത്താനുള്ള സൗകര്യവും ഇല്ല. പ്രകൃതി ഭംഗിയാൽനിറഞ്ഞു നിൽക്കുന്ന ഈ പ്രദേശത്ത് വിനോദ സഞ്ചാരവും വികസിച്ചിട്ടില്ല.
പാലക്കയത്ത് ഒരു അപ്പർ പ്രൈമറി സ്കൂൾ മാത്രമാണ് ഉള്ളത്. അൺ എയ്ഡഡായി പ്രവർത്തിക്കുന്ന ഒരു ഹൈസ്ക്കൂൾ ഉണ്ടെങ്കിലും ഉപരിപഠനത്തിനായി പൊറ്റശേരിയിലോ തച്ചമ്പാറയിലോ, കരിമ്പയിലോ എത്തണം. ഒരു ഹയർ സെക്കൻഡറി സ്കൂൾ ആരംഭിക്കണമെന്ന ആവശ്യവും പരിഹരിക്കപ്പെട്ടിട്ടില്ല.
1979ൽ മണ്ണർക്കാട്ടുനിന്നും തച്ചമ്പാറ ഇടക്കുർശി, നിരവ്, പാലക്കയം വഴി ശിരുവാണിയിലേയ്ക്ക് സ്വകാര്യ ബസ് സർവീസ് നടത്തിയിരുന്നു. പിന്നീട് അത് ഓട്ടം നിർത്തി. ഇടക്കുർശി വഴി പാലക്കയത്തിന് ഒരു ബസും കാഞ്ഞിരപ്പുഴവഴി പാലക്കയത്തിന് 4 ബസുകളുമാണുള്ളത്.
പാലക്കയത്തിന്റെ ഗ്രാമീണഭംഗി ആസ്വദിക്കാനും ഹോം സ്റ്റേ പദ്ധതി അരംഭിക്കാനും ഗ്രീൻ ടൂറിസം നടപ്പിലാക്കാനും സർക്കാർ മുൻകൈ എടുക്കണം. കാർഷിക വിളകൾ മൂല്യവർധിത ഉത്പന്നങ്ങളായി മാറ്റി നേരിട്ട് വില്പന നടത്താനും ആവശ്യമായ നടപടികൾ കൈക്കൊള്ളണം. വന്യമൃഗങ്ങളുടെ ശല്യവും വനനിയമങ്ങളും മൂലം കർഷകർ മലയോരമേഖലകളിൽ നിന്നും ഒഴിഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്.
കാർഷിക വ്യവസായങ്ങളും ഫാം ടൂറിസം പദ്ധതികളും വിഭാവനം ചെയ്യുകയും പാലക്കയത്തു നിന്നും ശിരുവാണിയിലേയ്ക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുകയും കാഞ്ഞിരപ്പുഴ, പാലക്കയം, ശിരുവാണി, ചീനിക്കപ്പാറ, തരുപ്പപ്പതി, വഴിക്കടവ്, മുണ്ടനാട്, കരിമല, ചുള്ളിയാംകുളം, മീൻവല്ലം, കല്ലടിക്കോട് വഴി മലമ്പുഴയുമായി ബന്ധിപ്പിച്ച് ഉല്ലാസയാത്രാ ബസുകൾ ആരംഭിക്കുകയും ചെയ്താൽ ഈ മലയോര കുടിയേറ്റ മേഖലയുടെ വികസനം സാധ്യമാക്കാനാകും.