നാട്ടുകാരുടെ ഗതാഗതം തടസപ്പെടുത്തി കരാറുകാരന്റെ നിർമാണ സാമഗ്രികൾ
1539705
Saturday, April 5, 2025 1:02 AM IST
നെന്മാറ: ഗതാഗതം തടസപ്പെടുത്തി നിർമാണ സാമഗ്രികൾ റോഡിൽ ഇറക്കിയതിനെതിരേ പ്രതിഷേധം. അയിലൂർ പഞ്ചായത്തിലെ പുഞ്ചേരി നിവാസികളുടെ യാത്ര തടസപ്പെടുത്തിയാണ് റോഡിൽ ദിവസങ്ങളായി നിർമാണ സാമഗ്രികൾ കൂട്ടിയിട്ടത്.
നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്റെ പുഞ്ചേരി നഗറിലെ വീടുകളുടെ മണ്ണൊലിപ്പ് തടയുന്നതിനുള്ള കോൺക്രീറ്റ് കയ്യാല പണിയുന്നതിനാണ് നിർമാണ സാമഗ്രികൾ എത്തിച്ചിട്ടുള്ളത്.
ഗതാഗത തടസമുണ്ടായപ്പോൾ പ്രദേശവാസികൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് താത്കാലികമായി ഇതു നീക്കംചെയ്തെങ്കിലും വീണ്ടും ഇരുചക്ര വാഹനങ്ങൾക്കുപോലും തടസമായി സാമഗ്രികൾ ഇറക്കുകയായിരുന്നു.
കഴിഞ്ഞദിവസം രോഗിയുമായി വന്ന വാഹനം വളരെ ബുദ്ധിമുട്ടിയാണ് ഇതിലൂടെ കടന്നുപോയതെന്നു പ്രദേശവാസികൾ പറയുന്നു.
പല വാഹനങ്ങളും ഇവിടെ അപകടത്തിൽപ്പെടുന്ന സ്ഥിതിവിശേഷവുമുണ്ട്. മാർച്ച് 31 പൂർത്തിയാക്കേണ്ട പ്രവൃത്തികൾക്കായാണ് സാമഗ്രികൾ എത്തിച്ചതെങ്കിലും നാളിതുവരെ പണികൾ പൂർത്തിയായിട്ടുമില്ല. ഗതാഗതം തടസപ്പെടുത്തി സാമഗ്രികൾ ദിവസങ്ങളായി റോഡിൽ കിടക്കുന്നതിനാൽ പ്രദേശവാസികൾ രണ്ടുകിലോമീറ്ററോളം ചുറ്റിയാണ് യാത്ര ചെയ്യുന്നത്.
കരാറുകാരനെതിരേ പ്രദേശവാസികൾ അധികൃതർക്കു പരാതിയും നൽകിയിട്ടുണ്ട്.