കിഴക്കന്‍മേഖലയില്‍നിന്ന് കരിമ്പുകൃഷി വിടപറയുന്നു
1540084
Sunday, April 6, 2025 5:50 AM IST
ചിറ്റൂര്‍: കിഴക്കന്‍ മേഖലയില്‍നിന്ന് കരിമ്പുകൃഷി വിസ്മൃതമാകുന്നു. മേനോന്‍പാറയില്‍ പഞ്ചസാരഫാക്ടറി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ മുപ്പതിനായിരത്തോളം ഏക്കറില്‍ കരിമ്പ് കൃഷിചെയ്തിരുന്നു. കരിമ്പുകൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയും വളക്കൂറുള്ള മണ്ണുമാണ് കിഴക്കന്മേഖലയിലേത്. ഉണ്ടാക്കുന്ന ഉത്പന്നത്തിന് ഇവിടെ വിപണിയില്ല.
കരിമ്പുവെട്ടല്‍, ആട്ടല്, ശര്ക്കരയുണ്ടാക്കല് എന്നിവക്ക് തമിഴ്നാട്ടിലെ തൊഴിലാളികളെ ആശ്രയിക്കണം. വില്പനയും തമിഴ്നാട്ടിലാണ്. ഇവിടത്തെ ഒന്നാംതരം ശര്‍ക്കര അവര്‍ രണ്ടാംതരത്തിലെ എടുക്കൂ. വിലയിലും കുറവ് വരുത്തും. മറ്റു കൃഷികള്‍ക്ക് നല്കുന്ന ആനുകൂല്യങ്ങള്‍ ഒന്നുംതന്നെ കരിമ്പുകര്‍ഷകര്‍ക്ക് ഇല്ല. സംസ്ഥാനത്തെ മറയൂരിലെ കരിമ്പ് കര്‍ഷകര്‍ക്ക് വളത്തിന് സബ്സിഡിയും മറ്റാനുകൂല്യങ്ങളും നല്കുമ്പോള് പാലക്കാട്ടെ കരിമ്പുകര്‍ഷകരെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രതികൂല സാഹചര്യങ്ങള്‍ ഏറിയതോടെ കരിമ്പുകൃഷി ഉപേക്ഷിക്കുകയായിരുന്നുവെന്ന് മുന്‍പ് കൃഷി ചെയ്തിരുന്ന എലപ്പുള്ളി മണിയേരിയിലെ ചെന്താമര, ശ്രീധരന് എന്നിവര്‍ പറഞ്ഞു.
മേനോന്‍പാറ നല്ലുവീട് കളത്തിലെ പരമ്പരാഗത കരിമ്പുകര്‍ഷകന്‍ വിന്‍സെന്റ് പ്രതിസന്ധികളെ തരണം ചെയ്ത് മൂന്ന് ഏക്കറില്‍ ഇന്നുംകരിമ്പ് കൃഷിചെയ്യുന്നുണ്ട്.
തലമുറയായി ചെയ്തുവന്ന കൃഷി തുടരണമെന്നുതന്നെയാണ് ആഗ്രഹമെന്നാണ് വിന്‍സെന്റ് പറയുന്നത്. തമിഴ്നാട്ടിലെ സര്‍ക്കാര്‍ അവിടെ കരിമ്പുകൃഷി പ്രോത്സാഹിപ്പിക്കുന്നുണ്ട്. കേരളത്തില്‍ സര്‍ക്കാരിന്റെ നയംമാറ്റം വരുത്തിയാല്‍ ഇവിടെ കരിമ്പ് കൃഷി പഴയത് പോലെ ചെയ്യാന്‍ കഴിയുമെന്ന് ജില്ലാ കരിമ്പ്-ശര്‍ക്കര ഉത്പാദക സംഘം സെക്രട്ടറി രാജലിംഗം പറഞ്ഞു.