കൊയ്ത്തുപാടങ്ങളിൽ തീറ്റതേടി തമിഴ്നാട്ടിൽനിന്നും ആട്ടിൻകൂട്ടമെത്തി
1540109
Sunday, April 6, 2025 6:04 AM IST
ചിറ്റൂർ: കൊയ്ത്ത്പാടങ്ങളിൽ തീറ്റതേടി തമിഴ്നാട്ടിൽ നിന്നും ചെമ്മരിയാടുകളുമായി ഉടമ കൃഷ്ണസ്വാമിയും സംഘവും മൂപ്പൻകുളത്ത് എത്തി. 750 ആടുകളും മൂന്നു കാവൽനായയും രണ്ടു സഹായികളുമായാണ് കൃഷ്ണസ്വാമി എത്തിയിരിക്കുന്നത്. രണ്ടാഴ്ചത്തോളം സമീപ കൊയ്ത്തുപാടങ്ങളിൽ മേച്ചിലിനു ശേഷം വീണ്ടും തമിഴ്നാട്ടിലെ ഉടുമൽപേട്ടയ്ക്കു തിരിച്ചുപോവും.
രാത്രിസമയങ്ങളിൽ പാടവരമ്പുകളിൽ തന്നെ മുളകൊണ്ടുള്ള വിസ്തൃതിയിലുള്ള കൂട് ഉണ്ടാക്കി ആടുകളെ അതിനകത്തു തളയ്ക്കും. രാത്രിസമയത്ത് ആടുകൾ മോഷണം പോവുന്നതു തടയാനാണ് ശൗര്യമുള്ള കാവൽനായകളെ കൊണ്ടുവരുന്നത്. മുൻകാലങ്ങളിൽ ആടുകൾ രാത്രിസമയങ്ങളിൽ മോഷണം നടത്തിയ സംഭവങ്ങൾ നടന്നിരുന്നു. ഇതിനെ പ്രതിരോധിക്കാനാണ് കാവൽനായകളെ കൊണ്ടുവരുന്നത്.
വയലുകളിൽ മേച്ചിൽസമയത്ത് ആട്ടിൻവളം ലഭിക്കുന്നതിനാൽ കർഷകർ തന്നെ വയലിൽ മേച്ചിലിന് ഉടമയെ ബന്ധപ്പെടാറുണ്ട്. ധനികനായ കൃഷ്ണസ്വാമി തന്റെ പാരമ്പര്യതൊഴിലായാണ് ആടുവളർത്തലിൽ ഏർപ്പെട്ടിരിക്കുന്നത്.