സൈബർ തട്ടിപ്പുകേസിൽ പ്രതി പിടിയിൽ
1540372
Monday, April 7, 2025 1:26 AM IST
പാലക്കാട്: വീട്ടിലിരുന്ന് ഓണ്‍ലൈന്‍ പാര്‍ട്ട്ടൈം ജോലിചെയ്ത് പണമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് പണംതട്ടിയെുത്തയാൾ പിടിയില്‍.
മണ്ണൂര്‍ നഗരിപ്പുറം സ്വദേശി മുഹമ്മദ് അജ്മലിനെയാണ് പാലക്കാട് സൈബര്‍ പോലീസ് അറസ്റ്റുചെയ്തത്.
നെന്മാറ സ്വദേശിയെ വാട്സാപ് വഴി ബന്ധപ്പെട്ട് ബില്‍ഡിംഗുകളുടെ ലീസ് പ്രമോഷന് ജോലിചെയ്ത് വരുമാനമുണ്ടാക്കാമെന്നുപറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് നിക്ഷേപമായി 32,45,343 രൂപ തട്ടിയെടുത്ത കേസിലാണ് പ്രതി അറസ്റ്റിലായത്. ഫെബ്രുവരി മാസത്തിലാണ് തട്ടിപ്പുകാരന് ഇരയെ വാട്സാപ് വഴി ബന്ധപ്പെട്ടു വരുമാനം വാഗ്ദാനം ചെയ്തത്.
തുടര്‍ന്ന് ചെറിയ തുകകള്‍ നിക്ഷേപിച്ച് ഇരയ്ക്കു ലാഭംനല്കുകയും പിന്നീട് ഭീമമായ തുക ഡെപ്പോസിറ്റ് ചെയ്യിപ്പിച്ച് മുഴുവന്‍തുകയും തട്ടിയെടുക്കുകയായിരുന്നു.
ഇക്കാര്യത്തില്‍ പാലക്കാട് സൈബര്‍ക്രൈം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തി വരവേ ഇരയ്ക്കു നഷ്ടപ്പെട്ട തുകയില്‍നിന്ന് വലിയ സംഖ്യ പ്രതിയുടെ പത്തിരിപ്പാലയിലുള്ള ബാങ്കിലേക്ക് മാറ്റിയതായി കാണപ്പെട്ടു.
ഈ തുക മാറ്റിയതായി കാണപ്പെട്ട ഉടന്‍ തന്നെ പ്രതി ചെക്ക് ഉപയോഗിച്ച് പിന്‍വലിച്ചതായും കണ്ടെത്തി.
തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നവര്‍ക്കു വേണ്ടി പ്രത്യേകം ബാങ്ക് അക്കൗണ്ട് തുടങ്ങിയാണ് പ്രതി സൈബര്‍തട്ടിപ്പ് നടത്തിയ പണം തന്റെ അക്കൗണ്ടിലേക്ക് സ്വീകരിച്ചിട്ടുള്ളത്.
പ്രതിയില്‍നിന്ന് ലഭ്യമായവിവരം അനുസരിച്ച് ഈ കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് സൂചന.
ഇവര്‍ക്കാണ് അന്വേഷണം ഊര്‍ജിതമാക്കി. ഡിവൈഎസ്പി എം. പ്രസാദ്, സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ടി. ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണം നടത്തിയത്.
ഇത്തരത്തില്‍ തട്ടിപ്പ് ശ്രമം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ജില്ലാ പോലീസ് ക്രൈം സ്റ്റേഷനിലോ, ട്രോള്‍ ഫ്രീ നമ്പറായ 1930 നമ്പറിലോ വിളിച്ചറിയിക്കണമെന്നു പോലീസ് അറിയിച്ചു.