ലോട്ടറിവില കൂട്ടുന്നനീക്കം എതിർക്കും: ഐഎന്‍ടിയുസി
1539703
Saturday, April 5, 2025 1:02 AM IST
പാലക്കാട്: സംസ്ഥാന ലോട്ടറി 40 രൂപയില്‍നിന്ന് 50 രൂപയാക്കാനുള്ള നീക്കം ശക്തമായ എതിര്‍ക്കുമെന്നു ഓള് കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോണ്‍ഗ്രസ്- ഐഎന്‍ടിയുസി വ്യക്തമാക്കി. കൃത്രിമക്ഷാമമുണ്ടാക്കി ലോട്ടറി മാഫിയയെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ജില്ലാകമ്മിറ്റി ആരോപിച്ചു.
വിലവര്‍ധനയില്‍ പ്രതിഷേധിച്ചു ഈമാസം ഏഴിനു സെക്രട്ടറിയേറ്റിനു മുന്നില്‍ ഉപവാസമരം സംഘടിപ്പിക്കും. കര്‍ണാടകത്തിലേക്കും തമിഴ്നാട്ടിലേക്കും ലോട്ടറി എത്തിച്ചു കൊടുക്കുന്ന ഏജന്റുമാരെകുറിച്ച് പഠിക്കാന്‍ ഉപസമിതിയും രൂപീകരിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സമിതി അതിര്‍ത്തി പ്രദേശമായ വാളയാര്‍ സന്ദര്‍ശിച്ചു.
ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. തോലന്നൂര്‍ ശശിധരന് അധ്യക്ഷനായിരുന്നു. തൃശൂര്‍ ജില്ലാ പ്രസിഡന്റ് പി.എന്‍. സതീഷ്, സംസ്ഥാന, ജില്ലാ ഭാരവാഹികളായ കാരയങ്കാട്ട് ശിവരാമകൃഷ്ണന്, കെ. കരുണാകരന്, കെ. ശിവദാസ്, ടി. ദേവദാസ്, സൂര്യനാരായണന് തെന്നിലാപുരം, വി. പ്രകാശന് എന്നിവര്‍ പ്രസംഗിച്ചു.