ഭീതിയിൽ ചെമ്മണാംപതിക്കാർ
1539673
Saturday, April 5, 2025 1:01 AM IST
മുതലമട: ചെമ്മണാംപതി വനമേഖലക്കുസമീപം ജനവാസമേഖലയിൽ വെള്ളംകുടിക്കാൻ പുലിയെത്തിയതിൽ സമീപവാസികൾ ഭീതിയിൽ.
പ്രദേശത്തെ സ്വകാര്യക്വാറിക്കും അളകാപുരി കോളനിക്കിടയിലുമുള്ള പ്രദേശത്തെത്തിയ പുലി വെള്ളംകുടിക്കുന്ന ദൃശ്യം നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചയായി ചപ്പക്കാടുഭാഗത്തും സമാനമായ വലിപ്പമുള്ള പുലിയെ പ്രദേശവാസി വിനോദ് കണ്ടിരുന്നു. വിവരം അറിയിച്ചതിനെതുടർന്ന് വനപാലകരെത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വേനൽകനക്കുന്നതോടെ വന്യമൃഗങ്ങൾ ദാഹജലത്തിനായി ജനവാസകേന്ദ്രങ്ങളിലെ ജലാശയങ്ങളിലെത്തുന്നതു പ്രദേശവാസികളുടെ ഉറക്കംകെടുത്തുകയാണ്. പ്രദേശത്തെ വളർത്തുമൃഗങ്ങളെ കാണാതാകുന്ന സംഭവങ്ങളും അരങ്ങേറുന്നതായി നാട്ടുകാർ പറയുന്നു.
വനത്തിനുള്ളിൽ ആന ഉൾപ്പെടെയുള്ള മൃഗങ്ങൾക്കായി ജലസംഭരണികൾ ഏർപ്പെടുത്തുന്നുണ്ടെന്നു വകുപ്പധികൃതർ പറയുന്നുണ്ടെങ്കിലും ഇതു പ്രാവർത്തികമാക്കാത്തതു ജനങ്ങൾക്കു വിനയാവുകയാണ്. മലയോര പാതകളിലൂടെ പട്ടാപ്പകലും നാട്ടുകാർ സഞ്ചരിക്കുന്നതു ഭീതിയോടെയാണ്.