ചുവട്ടുപാടത്ത് അടിക്കടി നടക്കുന്ന കവർച്ചകളിൽ പകച്ച് വീട്ടുകാരും പോലീസും
1540112
Sunday, April 6, 2025 6:04 AM IST
വടക്കഞ്ചേരി: ദേശീയപാത കടന്നുപോകുന്ന ചുവട്ടുപാടത്ത് ഇടയ്ക്കിടെ ഉണ്ടാകുന്ന വൻകവർച്ചകൾ പോലീസിനെ കുഴക്കുന്നതിനൊപ്പം സ്വൈര്യജീവിതം നഷ്ടപ്പെടുന്ന സ്ഥിതിയിലാണ് മേഖലയിലെ വീട്ടുകാർ. രാത്രികാലങ്ങളിൽ ഭീതിയോടെ കഴിയേണ്ട സ്ഥിതിയാണ്. കഴിഞ്ഞ ദിവസം 45 പവന്റെ സ്വർണാഭരണങ്ങൾ കവർന്ന വീടും ചുവട്ടുപാടത്ത് ദേശീയപാതക്കടുത്തുള്ളതാണ്. പ്രസാദ് പിള്ളയുടെ വീട്ടിൽ നിന്നാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടത്.ഇതിനടുത്ത് വടക്കേമുറി ജോ ജോസഫിന്റെ വീട്ടിലും മോഷണശ്രമമുണ്ടായി.
ഒന്നര വർഷം മുമ്പ് ദേശീയപാത സർവീസ് റോഡിലുള്ള കെഎസ്ആർടിസി റിട്ടയേർഡ് ജീവനക്കാരൻ രാജുവിന്റെ വീട്ടിൽ നടന്ന കവർച്ചയായിരുന്നു ഏറെ ഭീതിതരമായത്. വീട്ടുകാരെ കെട്ടിയിട്ട് കത്തി കാട്ടി അവശരാക്കിയായിരുന്നു കവർച്ച. ഇതിനടുത്ത് എംഎസ്എഫ് സെമിനാരി വഴിക്കടുത്ത് സർവീസ് റോഡിൽ മനോജിന്റെ വീട്ടിൽ വാതിൽ പൊളിച്ച് ഏഴുപവൻ സ്വർണാഭരണങ്ങളും 67,000 രൂപയും കവർന്ന സംഭവമുണ്ടായി. സർവീസ് റോഡിലുള്ള മറ്റൊരു വീടായ പുതിയേടത്ത് ജോജിയുടെ വീട്ടിൽ നടന്ന കവർച്ചയിൽ 10 പവനും ഇരുപതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടത്.