വടകരപ്പതിയിൽ പുലിസാന്നിധ്യം സ്ഥിരീകരിച്ചു
1540080
Sunday, April 6, 2025 5:49 AM IST
കൊഴിഞ്ഞാമ്പാറ: വടകരപ്പതി പഞ്ചായത്തിൽ പുലിസാന്നിധ്യം വനംവകുപ്പിന്റെ ആർആർ ടീം സ്ഥിരീകരിച്ചു. ഒഴലപ്പതി ചിന്നക്കൗണ്ടന്നൂരിൽ പുലിയുടെ കാൽപ്പാദ അടയാളം കണ്ടെത്തിയിട്ടുണ്ട്. സമീപവാസികൾ പുലിയെ നേരിട്ടു കണ്ടതായും അന്വേഷണ സംഘത്തെ അറിയിച്ചിട്ടുമുണ്ട്. രണ്ടു ദിവസമായി കൊല്ലങ്കോട് വനപാലകസംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് നിരീക്ഷണം നടത്തി വരികയാണ്.
പുലിയെ കണ്ടതായിപറയുന്ന സ്ഥലത്ത് കാമറകൾ സ്ഥാപിച്ചിരിക്കുകയാണ്. പ്രദേശത്തെ ഒരു വളർത്തുനായയെ പുലി കൊണ്ടുപോയതായും നാട്ടുകാർ അറിയിച്ചു. അത്യാവശ്യഘട്ടങ്ങളിൽ അന്വേഷണ സംഘത്തെ അറിയിക്കാൻ മൊബൈൽ നമ്പറും നാട്ടുകാർക്ക് നൽകി. സമീപവാസികളോട് ജാഗ്രത പുലർത്താനും നിർദേശം നൽകി.
തമിഴ്നാട് അതിർത്തിയിൽ 300 മീറ്റർ അകലെ പുലിസാന്നിധ്യം ഉള്ളതിനാൽ തമിഴ്നാട് വനംവകുപ്പ് പ്രദേശത്ത് മൂന്ന് കൂടുകൾ സ്ഥാപിച്ച് പുലിയെ കുടുക്കാൻ ശ്രമം നടത്തിവരുന്നുണ്ട്. ഈ പുലിയാണ് ഇടയ്ക്കിടെ സംസ്ഥാന അതിർത്തി കടന്നു വരുന്നതെന്നാണ് നിഗമനം . കേരള -തമിഴ്നാട് വനംവകുപ്പ് അധികൃതർ പുലിയെ പിടികൂടാൻ തീവ്രശ്രമം നടത്തിവരികയാണ്.