ബസ് സംരക്ഷണജാഥയ്ക്ക് സ്വീകരണം നൽകി
1540113
Sunday, April 6, 2025 6:04 AM IST
പാലക്കാട്: സ്വകാര്യബസ് വ്യവസായം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സംസ്ഥാന ജനറൽസെക്രട്ടറി ടി. ഗോപിനാഥൻ നയിക്കുന്ന ബസ് സംരക്ഷണജാഥക്ക് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ സ്വീകരണം നൽകി.
സ്വകാര്യ ബസുകളിൽ കയറുന്ന വിദ്യാർഥികളുടെ യാത്രാനിരക്ക് കഴിഞ്ഞ 13 വർഷക്കാലമായി നിലനിൽക്കുന്ന ഒരു രൂപ എന്നത് മാറ്റി ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശയനുസരിച്ച് അഞ്ച് രൂപയാക്കി വർധിപ്പിക്കുക, നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന മുഴുവൻ സ്വകാര്യബസുകളുടെയും പെർമിറ്റുകൾ അതേപടി പുതുക്കി നൽകുക, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെർമിറ്റുകൾ അതേപടി പുതുക്കി നൽകുക, മോട്ടോർ വാഹന വകുപ്പിന്റേയും പോലീസിന്റേയും അനാവശ്യമായ പിഴ ഈടാക്കൽ നടപടി നിർത്തിവയ്ക്കുക, ഗതാഗത നയം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തുന്ന ബസ് സംരക്ഷണ ജാഥാ സ്വീകരണ യോഗത്തിൽ ജില്ലാ പ്രസിഡന്റ് എ.എസ്. ബേബി അധ്യക്ഷത വഹിച്ചു.
ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ. മൂസ യോഗം ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് കോ-ഓർഡിനേറ്റർ നൗഷാദ് ആറ്റുപറമ്പത്ത്, ജാഥ അംഗങ്ങളായ വി.എസ്. പ്രദീപ്. എൻ.വിദ്യാധരൻ, ആർ. മണികണ്ഠൻ, സി. സുധാകരൻ, എൻ.സി. ഷൗക്കത്തലി, പി.എസ്. രാമദാസ് തുടങ്ങിയവർ പ്രസംഗിച്ചു. മൂന്നാം തിയതി കാസർഗോട്ടു നിന്നും ആരംഭിച്ച ജാഥ ഒമ്പതിന് തിരുവനന്തപുരത്ത് സമാപിക്കും.