വീടിനും കൃഷിഭൂമിക്കുമായി പോരാട്ടം; മൂർത്തിക്കുന്നിലെ ആദിവാസികളുടെ ഭൂസമരം പത്താംവർഷത്തിലേക്ക്
1495438
Wednesday, January 15, 2025 6:52 AM IST
മംഗലംഡാം: വീടിനും കൃഷിഭൂമിക്കുമായി കടപ്പാറക്കടുത്ത് മൂർത്തിക്കുന്നിൽ ആദിവാസി കുടുംബങ്ങൾ നടത്തിവരുന്ന ഭൂസമരം പത്താം വർഷത്തിലേക്ക്. 2016 ജനുവരി 15ന് സമരം തുടങ്ങി ഇന്നേക്കത് 3256 ദിവസമാകും. വാർഷിക സമ്മേളനം ഇന്നുനടക്കും.
രാവിലെ പത്തിനു നടക്കുന്ന സമ്മേളനം അഡ്വ.പി.എ. പൗരൻ ഉദ്ഘാടനം ചെയ്യും. ആദിവാസി സമിതി സംസ്ഥാന കോ- ഓർഡിനേറ്ററും കടപ്പാറ ഭൂസമര സംഘാടക സമിതി അംഗവുമായ സജീവൻ കള്ളിച്ചിത്ര അധ്യക്ഷത വഹിക്കും.
വിവിധ സംഘടനാ നേതാക്കൾ പ്രസംഗിക്കും. യൂണിറ്റ് പ്രസിഡന്റ് വാസു ഭാസ്കരൻ, സെക്രട്ടറി യമുന സുരേഷ്, ട്രഷറർ വസന്ത ഉണ്ണിക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലാണ് ഭൂസമരത്തിന്റെ വാർഷിക സമ്മേളനം നടക്കുന്നത്.
ആദിവാസി ക്ഷേമത്തിനായി സമരം നയിച്ച കെ.ആർ. മാധവൻ, ഊരുനിവാസികളായ രാജൻ, കാളിയമ്മ, കല്യാണിയമ്മ, കണ്ണമ്മ, ബാലൻ എന്നീ ആറുപേർ ഈ കാലത്തിനിടെ മരണപ്പെട്ടു.
ഇവരെ അനുസ്മരിച്ചാണ് സമ്മേളനം നടക്കുന്നത്.
കൈവശത്തിലുള്ള മൂർത്തിക്കുന്നിലെ വനഭൂമി പതിച്ചു നൽകുക, വനാവകാശ നിയമം പ്രാവർത്തികമാക്കുക, ആദിവാസി, മലയോര കുടിയേറ്റ കർഷകർക്കു നേരെയുള്ള പുതിയ വനഭേദഗതിബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ശക്തിപ്പെടുത്താനാണു തീരുമാനം. സമരം ചെയ്യുന്ന കുടുംബങ്ങൾക്ക് കുടിവെള്ളംപോലും കിട്ടാനില്ലാത്ത സ്ഥിതിയാണ് ഇപ്പോൾ മൂർത്തിക്കുന്നിലുള്ളത്.
14.67 ഏക്കർ വരുന്ന മൂർത്തിക്കുന്നിലെ വനഭൂമി കൈയേറി കുടിലുകളും സമരപന്തലും കെട്ടിയായിരുന്നു ഭൂസമരത്തിനു തുടക്കമായത്. ഈ ഭൂമിയിലിപ്പോൾ കൃഷി ചെയ്താണ് പല കുടുംബങ്ങളും ഉപജീവന മാർഗം കണ്ടെത്തുന്നത്.
കൈയേറിയ ഭൂമി 22 ആദിവാസി കുടുംബങ്ങൾക്ക് തന്നെ പതിച്ചു നൽകാൻ 2017 ജൂലൈ 15ന് അന്നത്തെ കളക്ടറുടെ സാന്നിധ്യത്തിൽ നടന്ന ബന്ധപ്പെട്ട അധികാരികളുടെ യോഗം തീരുമാനമെടുത്തിരുന്നെങ്കിലും പിന്നീട് തീരുമാനം മരവിപ്പിക്കുകയായിരുന്നു.