വ​ട​ക്ക​ഞ്ചേ​രി:​ ത​രൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ സ​മ​ഗ്ര കാ​ർ​ഷി​കവി​ക​സ​ന പ​ദ്ധ​തി​യാ​യ ‘സ​മൃ​ദ്ധി'​യി​ലൂ​ടെ മ​ണ്ഡ​ല​ത്തി​ലെ എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ക​ർ​ഷ​ക​ർ​ക്കു നെ​ല്ല്, തെ​ങ്ങ്, പ​ച്ച​ക്ക​റി എ​ന്നി​വ​യു​ടെ നൂ​ത​നകൃ​ഷിരീ​തി​ക​ളെക്കുറി​ച്ചും മ​ണ്ണി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ചും പഠനക്ലാ​സ് ന​ട​ന്നു. വ​ട​ക്ക​ഞ്ചേ​രി ഇ​എം​എ​സ് സ്മാ​ര​ക ക​മ്യൂണി​റ്റി ഹാ​ളി​ൽ ന​ട​ന്ന പ​ഠ​നക്ലാ​സ് കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​പി. സു​മോ​ദ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നെ​ൽകൃ​ഷി​യെക്കുറി​ച്ച് പ​ട്ടാ​മ്പി നെ​ല്ലുഗ​വേ​ഷ​ണകേ​ന്ദ്ര​ത്തി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ തു​ള​സി​യും പ​ച്ച​ക്ക​റി, തെ​ങ്ങ് എ​ന്നീ കൃ​ഷി​ക​ളെക്കുറി​ച്ച് പ​ഴ​യ​ന്നൂ​ർ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ജോ​സ​ഫ് ജോ​ണും ക്ലാ​സു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. കു​ഴ​ൽ​മ​ന്ദം കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ജൂ​ലി ജോ​ർ​ജ് സ്വാ​ഗ​ത​വും ആ​ല​ത്തൂ​ർ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ വി​നേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.