കുളപ്പുള്ളി മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു
1494495
Sunday, January 12, 2025 12:58 AM IST
ഷൊർണൂർ: കുളപ്പുള്ളി ഏരിയയിൽ പനിയും മഞ്ഞപ്പിത്തവും പടരുന്നതായി പരാതി. നഗരസഭയുടെ ആരോഗ്യ വിഭാഗം നിഷ്ക്രിയമാണന്നും പരാതി ഉയർന്നു.
ജനങ്ങളുടെ ആരോഗ്യ കാര്യങ്ങൾക്ക് വേണ്ട അടിസ്ഥാന പ്രവർത്തനങ്ങൾ പോലും നടത്താതെ സ്വച്ഛഭാരത് മിഷനിലൂടെ പിൻവാതിൽ വഴി റിപ്പോർട്ടുകൾ സമർപ്പിച്ച് സർട്ടിഫിക്കറ്റ് വാങ്ങുന്ന തിരക്കിലാണ് നഗരസഭ ഭരണാധികാരികളെന്നാണ് വിമർശനം. നേരത്തെ 14 വയസുള്ള വിദ്യാർഥിനി മേഖലയിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു .
ഇപ്പോൾ ഇതേ കുടുംബത്തിലെ മറ്റൊരു വിദ്യാർഥിയെ കൂടി സമാനമായ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റൊരു 34 കാരൻ അടുത്തിടെ മഞ്ഞപ്പിത്ത രോഗം ബാധിച്ച് ഒറ്റപ്പാലത്ത് ചികിത്സയിലായിരുന്നു. മേഖലയിൽ ഒമ്പതോളം കുഞ്ഞുങ്ങൾക്ക് വയറിളക്കവും പനിയും ശർദ്ദിയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യം മെഡിക്കൽ ഓഫീസർ അറിഞ്ഞിട്ടില്ലെന്നാണ് വിവരം.
നിലവിൽ ഒരു മരണം നടന്നിട്ടും ആവശ്യമായ മുൻകരുതലുകൾ ഒരുക്കാൻ ഷൊർണൂർ മെഡിക്കൽ അധികൃതർ തയ്യാറായിട്ടില്ലെന്ന് വിമർശനമുയർന്നു.