ഊരുകളിലെ ദുരിതം ജനപ്രതിനിധികളിലെത്തിച്ച മരുതീരങ്കൻ അന്തരിച്ചു
1494695
Sunday, January 12, 2025 11:12 PM IST
അഗളി: ഗോത്രവർഗക്കാരുടെ ദുരിതങ്ങൾ മന്ത്രിമാരിലും മറ്റു ജനപ്രതിനിധികളിലും എത്തിച്ചിരുന്ന അട്ടപ്പാടി മാമണ ഊരിലെ മരുതീരങ്കൻ (80) അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30 നായിരുന്നു മരണം.
കോൺഗ്രസിന്റെ തികഞ്ഞ അനുഭാവിയായിരുന്നെങ്കിലും അട്ടപ്പാടിയിൽ എത്തുന്ന മുഴുവൻ മന്ത്രിമാരെയും മറ്റ് ജനപ്രതികളെയും പ്രമുഖരെയും കണ്ട് ആദിവാസികൾ നേരിടുന്ന വിഷമസ്ഥിതികൾ ധരിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരൻ അടക്കമുള്ള മന്ത്രിമാരുമായി മരുതി ആശയവിനിമയം നടത്തിയിരുന്നതായി കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
അട്ടപ്പാടി പരിസ്ഥിതി പുനസ്ഥാപന പദ്ധതി (ആഹാഡ്സ്) നടപ്പാക്കിയ ആദ്യത്തെ ഭവന നിർമാണം മരുതീരങ്കന്റെ മാമണഊരിലാണ് നടപ്പാക്കിയത്.
അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയായിരുന്നു മാമണ ഊരിന്റെ ഉദ്ഘാടനം നടത്തി താക്കോൽദാനം നിർവഹിച്ചത്. മരുതിയുടെ മരുമകൾ രംഗിയായിരുന്നു ഒരു വികസന സമിതി പ്രസിഡന്റ്. സംസ്കാരം ഇന്ന് മാമ ഊരിൽ. മക്കൾ: കോണൻ, സുബ്രഹ്മണ്യൻ. ഡിസിസി അംഗം പി.സി.ബേബി, എം.ആർ.സത്യൻ എന്നിവർ കോൺഗ്രസിന് വേണ്ടി അനുശോചനം രേഖപ്പെടുത്തി.