വോയ്സ് ഓഫ് വടക്കഞ്ചേരിയുടെ നേതൃത്വത്തിൽ ഗുരുകുലം, മമ്പാട് സ്കൂളുകൾക്ക് അനുമോദനം
1495435
Wednesday, January 15, 2025 6:51 AM IST
വടക്കഞ്ചേരി: വോയ്സ് ഓഫ് വടക്കഞ്ചേരി എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി പന്ത്രണ്ടാം വർഷവും സ്കൂൾതലത്തിൽ ഒന്നാംസ്ഥാനം നേടിയ ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂളിലെ കലാപ്രതിഭകളെയും സംസ്ഥാന വോളിബോൾ സബ് ജൂണിയർ ജേതാക്കളായ മമ്പാട് യുപി സ്കൂളിലെ കായിക താരങ്ങളെയും അനുമോദിച്ചു.
വടക്കഞ്ചേരി പഞ്ചായത്ത് കമ്യുണിറ്റിഹാളിൽ നടന്ന അനുമോദന യോഗം മുൻമന്ത്രി കെ. ഇ. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുൻ പ്രസിഡന്റ് പി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.എം. ജലീൽ, കേരകേസരി സി.ആർ. ഭവദാസ്, കോ- ഓപറേറ്റീവ് ബാങ്ക് പ്രസിഡന്റ് റെജി കെ. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
ഗുരുകുലം സ്കൂൾ പ്രിൻസിപ്പൽ വിജയാനന്ദ്, മമ്പാട് സ്കൂൾ പ്രധാനാധ്യാപിക ബിന്ദു, അധ്യാപകരായ പ്രസാദ്, ബാലചന്ദ്രൻ, ഗുരുകുലം സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീനിവാസൻ എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് അനുമോദിച്ചു. റോട്ടറിക്ലബും ഗുരുകുലം സ്കൂളിനു ട്രോഫി സമ്മാനിച്ചു. ബസ് സ്റ്റാൻഡിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വിദ്യാർഥികളെ ടൗണിലെ യോഗത്തിലേക്ക് ആനയിച്ചത്.