വിവിധ പള്ളികളിൽ തിരുനാൾ ആഘോഷം
1494749
Monday, January 13, 2025 1:09 AM IST
കരിമ്പ നിർമലഗിരി സെന്റ് മേരീസ്
കല്ലടിക്കോട്: കരിമ്പ നിർമലഗിരി സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ തീർഥാടന ദേവാലയത്തിലെ തിരുനാൾ കൊടിയേറ്റത്തോടെ ആരംഭിച്ചു. ആഘോഷങ്ങൾ ഇന്നു സമാപിക്കും.
തിരുനാളിനോടനുബന്ധിച്ച് നടന്ന സൺഡേസ്കൂൾ, ഭക്ത സംഘടനകളുടെ വാർഷികാഘോഷ പരിപാടി റവ.വിൽസൺ വർഗീസ് ഉദ്ഘാടനം ചെയ്തു. പള്ളി വികാരി ഫാ. ഐസക് കോച്ചേരി ആമുഖഭാഷണം നടത്തി. സിസ്റ്റർ ലിറ്റിൽ ഫ്ലവർ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ വി.വി. സ്കറിയ വള്ളിക്കാട്ടിൽ, ഇടവക ട്രസ്റ്റി സജീവ് ജോർജ് എന്നിവർ പ്രസംഗിച്ചു. ഇന്നു നടക്കുന്ന തിരുകർമങ്ങൾക്കു ബത്തേരി ഭദ്രാസനാധിപൻ റവ.ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പള്ളിയിൽനിന്ന് ഇടക്കുറിശി കുരിശടിയിലേക്കു പ്രദക്ഷിണം.
ഒറ്റപ്പാലം സെന്റ് ജോസഫ്
ഒറ്റപ്പാലം: ഒറ്റപ്പാലം സെന്റ് ജോസഫ് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും ഒരാഴ്ച നീളുന്ന തിരുനാൾ ആഘോഷത്തിനു തുടക്കം.
വികാരി ഫാ. സണ്ണി വാഴേപ്പറമ്പിൽ കൊടിയേറ്റുകർമം നിർവഹിച്ചു. തുടർന്ന് വിശുദ്ധ കുർബാന, ലദീഞ്ഞ് അമ്പെഴുന്നുള്ളിക്കൽ എന്നിവ നടന്നു. ഇന്നു വൈകുന്നേരം നാലരയ്ക്ക് ജപമാല, വിശുദ്ധ കുർബാന, ലദീഞ്ഞ് കർമങ്ങൾക്ക് കുളക്കാട്ടുകുർശി സെന്റ് ജെയിംസ് പള്ളി വികാരി ഫാ. ജെറിൻ വാഴപ്പള്ളി മുഖ്യകാർമികത്വം വഹിക്കും.
നാളെ വൈകുന്നേരം നാലരയ്ക്ക് ജപമാല, ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ് എന്നിവയ്ക്ക് കേരളശ്ശേരി പള്ളി വികാരി ഫാ. റിജോ മേടക്കൽ മുഖ്യകാർമികത്വം വഹിക്കും.
ഷൊർണൂർ സെന്റ് അഗ്നസ്
ഷൊർണൂർ: സെന്റ് അഗ്നസ് ദേവാലയ പെരുന്നാളിനു കൊടിയേറി. ഫാ. ജോബി തരണിയിൽ തിരുകർമങ്ങൾക്കു നേതൃത്വം നൽകി. ആഘോഷമായ വിശുദ്ധ കുർബാന, പ്രസംഗം, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ശേഷം ഇടവക ദിനാഘോഷവും കലാപരിപാടികളും നടന്നു. ഇടവക വികാരി ഫാ. ഡെബിൻ ആക്കാട്ട്, ഇടവക ഭാരവാഹികൾ പ്രസംഗിച്ചു.
ഒലിപ്പാറ വിശുദ്ധ പത്താം പിയൂസ് പള്ളിയിൽ
നെന്മാറ: ഒലിപ്പാറ വിശുദ്ധ പത്താം പിയൂസ് പള്ളിയിലെ വിശുദ്ധ പിയൂസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളും ഇടവക ദിനാചരണവും ആഘോഷിച്ചു.
ഇന്നലെ രാവിലെ നടന്ന തിരുനാള്‍ കുര്‍ബാനയ്ക്ക് പാലക്കാട് രൂപത ബിഷപ് മാർ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ കാര്‍മികത്വം വഹിച്ചു. വൈകീട്ട് നടന്ന ഇടവക ദിനാഘോഷം മംഗലംഡാം ഫെറോന വികാരി ഫാ. സുമേഷ് നാല്പതാംകളം ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് ഇടവകാംഗങ്ങളുടെ കലാപരിപാടികളും നടന്നു. ഇന്നുരാവിലെ മരിച്ചവരുടെ ഓര്‍മദിനത്തിന്റെ ഭാഗമായി കുര്‍ബാനയും ഒപ്പീസും നടക്കുന്നതോടെ തിരുനാള്‍ സമാപിക്കും.