നെല്ലിയാമ്പതിയിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യാഗ്രഹം
1495422
Wednesday, January 15, 2025 6:51 AM IST
നെല്ലിയാമ്പതി: നെല്ലിയാമ്പതിയിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് അനിശ്ചിതകാല സത്യാഗ്രഹം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് ജോസഫിന്റെ നേതൃത്വത്തിലാണ് സത്യാഗ്രഹസമരം നടത്തുന്നത്.
നെല്ലിയാമ്പതി പോളച്ചിറയ്ക്കൽ ഹയർ സെക്കൻഡറി സ്കൂൾ കവാടത്തിലാണ് അനിശ്ചിതകാലസമരം നടത്തുന്നത്. പോളച്ചിറക്കൽ സ്കൂളിലെ മൂന്ന് പ്രധാന വിഷയങ്ങളിലെ അധ്യാപകരുടെ കുറവും, കാരപ്പാറ മേഖലയിലെ യാത്രക്കാരുടെയും വിദ്യാർഥികളുടെയും ആവശ്യാർഥം കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സത്യാഗ്രഹ സമരം നടത്തുന്നത്. സമരം ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്യും.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിനോദ് ചക്രായി, മുൻ ഡിസിസി സെക്രട്ടറി കെ.ഐ. അബ്ബാസ്, മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. സി.സി. സുനിൽ, ഐഎൻടി യുസി ജനറൽ സെക്രട്ടറി ഷിബു, മുൻ ബ്ലോക്ക് കമ്മിറ്റി അംഗം പി.ഒ. ജോസഫ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീർ, പഞ്ചായത്ത് മെംബർമാരായ അശ്വതി, പാപ്പാത്തി, സിനി രാജേഷ്, സിന്ധു ബിജു തുടങ്ങിയ നേതാക്കൾ പങ്കെടുക്കുമെന്ന് നെല്ലിയാമ്പതി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ചന്ദ്രശേഖരൻ അറിയിച്ചു.