മുങ്ങിമരണങ്ങൾ തടയാൻ പട്ടാമ്പി മോഡൽ രക്ഷാപദ്ധതി
1495038
Tuesday, January 14, 2025 1:57 AM IST
ഷൊർണൂർ: മുങ്ങിമരണങ്ങൾ തടയാൻ സംസ്ഥാനത്തിനുതന്നെ മാതൃകയായി പട്ടാമ്പിയുടെ രക്ഷാപദ്ധതി. ജലാശയങ്ങളിൽ മരണം കവർന്നെടുക്കുന്ന മനുഷ്യജീവനുകൾക്ക് നീന്തൽ പoനത്തിലൂടെ രക്ഷാമാർഗം ഒരുക്കുകയാണ് ഈ മാതൃകാപദ്ധതി.
മുങ്ങിമരണങ്ങൾ ഒഴിവാക്കാൻ നീന്തൽപരിശീലനം നൽകുന്ന ഈ പദ്ധതി വൻവിജയമായിക്കഴിഞ്ഞു. പട്ടാമ്പി മണ്ഡലത്തിൽ നീന്തൽപരിശീലന പദ്ധതിക്ക് തുടക്കമിട്ടപ്പോൾ വിരലിലെണ്ണാവുന്ന കുട്ടികളാണ് ആദ്യമെത്തിയതെങ്കിൽ പിന്നീട് മുതിർന്നവരും അവസരം പ്രയോജനപ്രദമാക്കി.
പരിശീലനത്തിൽ പങ്കെടുക്കാൻ പ്രായപരിധിയില്ലാത്തത് എല്ലാവർക്കും ഗുണപ്രദമായി. ആരോഗ്യപ്രശ്നങ്ങളില്ലാത്തവർക്കെല്ലാം നീന്തൽ പഠിക്കാമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.
പട്ടാമ്പി മണ്ഡലത്തിൽ മുങ്ങിമരണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയതെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ പറയുന്നു.
മണ്ഡലത്തിൽ വിവിധ പഞ്ചായത്തുകളിലായി പത്തിലധികം കുളങ്ങൾ പടവുകൾ കെട്ടിയും സംരക്ഷണഭിത്തിയുയർത്തിയും നവീകരിച്ചിട്ടുണ്ട്. ഇവയൊക്കെ പരിശീലനത്തിനായി ഉപയോഗപ്പെടുത്തുന്നുമുണ്ട്.
ട്രോമകെയർ, സിവിൽ ഡിഫൻസ് തുടങ്ങിയവരെയും പങ്കാളികളാക്കി ഇതിനകം മതിയായ സുരക്ഷയുമൊരുക്കിക്കഴിഞ്ഞു. ആദ്യഘട്ടത്തിൽ പട്ടാമ്പി നഗരസഭയിലെ പെരിക്കക്കാട്ടുകുളം, മുതുതല പഞ്ചായത്തിലെ മാടായിക്കുളം എന്നിവിടങ്ങളിലായിരുന്നു പരിശീലനം. രാവിലെ പെരിക്കക്കാട്ടുകുളത്തിലും വൈകുന്നേരം മാടായിക്കുളത്തിലുമാണ് പരിശീലനം നൽകി വരുന്നത്. ഇതിനായി നീന്തൽപരിശീലകരെയും നിയമിച്ചിട്ടുണ്ട്.
ഭാരതപ്പുഴ അതിരിട്ടുകിടക്കുന്ന മണ്ഡലമായതിനാലും കുളങ്ങൾ കൂടുതലുള്ളതിനാലും ഓരോവർഷവും കുട്ടികളടക്കം നിരവധി മുങ്ങിമരണങ്ങൾ മേഖലയിൽ നടക്കുന്നുണ്ട്. ഇക്കാര്യം രക്ഷിതാക്കൾ തന്നെ എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്നാണ് നീന്തൽപരിശീലനത്തിന് പദ്ധതി തയാറാക്കിയത്.
രണ്ടാംഘട്ടത്തിൽ മണ്ഡലത്തിലെ മറ്റുപഞ്ചായത്തുകളിലെ കുളങ്ങളും പരിശീലനത്തിനായി ഉപയോഗപ്പെടുത്തുവാനാണ് തീരുമാനം.
നീന്തൽക്കുളങ്ങളും പരിശീലനത്തിനായി തെരഞ്ഞെടുക്കും. ജനപ്രതിനിധികളുടെയും ചെറുകിട ജലസേചനവകുപ്പിന്റെയും നബാർഡിന്റെയും കൃഷിവകുപ്പിന്റെയും നാട്ടുകാരുടേയുമൊക്കെ ഇടപെടലിലാണ് പത്തിലധികം കുളങ്ങൾ നവീകരിച്ചത്.