സഹപാഠികൾക്ക് നിർമിച്ചുനൽകുന്ന വീടുകളുടെ താക്കോൽദാനം നാളെ
1494748
Monday, January 13, 2025 1:09 AM IST
മണ്ണാർക്കാട്: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എഎംഎൽപി സ്കൂളിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിലെ നാല് സഹപാഠികൾക്കായി നിർമിച്ച മൂന്ന് വീടുകളുടെ താക്കോൽദാനവും 12 കുടുംബങ്ങൾക്ക് വീടുവയ്ക്കുന്നതിനുള്ള സ്ഥലത്തിന്റെ പ്രമാണ കൈമാറ്റവും നാളെ രാവിലെ പത്തിനു സ്കൂൾ അങ്കണത്തിൽ നടക്കും.
എൻ. ഷംസുദ്ദീൻ എംഎൽഎ അധ്യക്ഷനാവും. മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. 700 വീതം സ്വയർ ഫീറ്റുള്ള 3 വീടുകൾ 20 ലക്ഷം രുപയ്ക്കാണ് പൂർത്തീകരിച്ചത്.
വീട് നിർമാണത്തിലേക്കുള്ള തുക പൂർവഅധ്യാപകരിൽനിന്നും പൂർവവിദ്യാർഥികളിൽ നിന്നും അധ്യാപകരിൽനിന്നും വിദ്യാർഥികളിൽ നിന്നും ഉദാരാമനസ്സുകളിൽ നിന്നുമാണ് സമാഹരിച്ചത്.
12 കുടുംബങ്ങൾക്ക് വീടുനിർമിക്കുന്നത്തിനായി സ്കൂൾ മാനേജർ ഡോ.കെ. മഹഫൂസ് റഹീം 50 സെന്റ് സ്ഥലം എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മക്കു കൈമാറും.
മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത, മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി, മുൻ എംപി രമ്യ ഹരിദാസ്, മലപ്പുറം ഡെപ്യുട്ടി കളക്ടർ കെ.പി. സക്കീർ ഹുസൈൻ, സ്കൂൾ മാനേജർ ഡോ.കെ. മാഫൂസ് റഹീം, എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ ചെയർമാൻ അബ്ദുള്ള പാറോക്കോട്ട് എന്ന കുഞ്ഞാൻ, സുരേഷ് ഹരിഹരൻ, അലനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സജ്ന സത്താർ, എടപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കെ. കബീർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. സലീന ബീവി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി. അബൂബക്കർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.