കുലുക്കംതോട് നിവാസികളുടെ കാത്തിരിപ്പിനു വിരാമം; പാലം യാഥാർഥ്യമായി
1495016
Tuesday, January 14, 2025 1:42 AM IST
മണ്ണാർക്കാട്: മഴപെയ്താൽ തീർത്തും ഒറ്റപ്പെട്ടുപോകുന്ന തെങ്കര ഗ്രാമപഞ്ചായത്തിലെ മേലാമുറി കുലുക്കംതോട് നിവാസികളുടെ ദുരവസ്ഥക്ക് ഏറെ കാത്തിരിപ്പിനൊടുവിൽ പരിഹാരമായി. ജില്ലാ പഞ്ചായത്ത് മെംബർ ഗഫൂർ കോൽകളത്തിലിന്റെ ഇടപെടലിനെ തുടർന്ന് മേലാമുറി കുലുക്കംതോടിന് കുറുകെ പാലം യാഥാർഥ്യമായതോടെയാണ് ഇവിടത്തുകാർ വർഷങ്ങളായി അനുഭവിക്കുന്ന ഗതാഗത പ്രശ്നം ശാശ്വതമായി പരിഹരിക്കപ്പെട്ടത്. മഴക്കാലം വന്നാൽ തോടിൽ വെള്ളത്തിന്റെ ഒഴുക്ക് വർധിക്കും. മലവെള്ളം കൂടി ഒഴുകി എത്തുന്നതിനാൽ കുട്ടികൾക്ക് സ്കൂളുകളിലേക്കും മറ്റും പോകാൻ കഴിയാതെവരുന്നത് ഇവിടെ പതിവായിരുന്നു. ഒഴുക്കിൽപ്പെട്ടും വെള്ളത്തിൽ നിന്ന് പാമ്പ് കടിയേറ്റും അപകടം സംഭവിച്ചിട്ടുണ്ട്.
കുലുക്കം തോടിലെ കർഷകർക്കും കാർഷിക കാര്യങ്ങൾക്കും ഏറെ പ്രശ്നങ്ങൾ നേരിട്ടിരുന്നു.
പുതുതായി നിർമിച്ച പാലം ജില്ലാ പഞ്ചായത്ത് മെംബർ ഗഫൂർ കോൽകളത്തിൽ ഉദ്ഘാടനം ചെയ്തു.