വനനിയമ ഭേദഗതി: വനം മന്ത്രി അസത്യം പറയുന്നുവെന്ന് കിഫ
1495425
Wednesday, January 15, 2025 6:51 AM IST
പാലക്കാട്: വനനിയമ ഭേദഗതി സംബന്ധിച്ച് വെറും നൂറ്റിഅൻപത് അഭിപ്രായങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളു എന്ന വനംവകുപ്പ് മന്ത്രിയുടെ പ്രസ്താവന തെറ്റായ വിവരം ആണെന്നും ജനങ്ങളുടെ പ്രതിഷേധം നിസാരവത്കരിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും കിഫ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
കിഫയുടെ പ്രവർത്തകരുടെ ഭാഗത്ത് നിന്നും മാത്രം ആയിരക്കണക്കിന് നിർദേശങ്ങൾ വനംവകുപ്പിലേക്ക് അയച്ചിരുന്നു. അതിനു പുറമെ മറ്റ് സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെ നേതൃത്വത്തിൽ എതിർപ്പുകളും നിർദേശങ്ങളും വനം വകുപ്പിനെ യഥാസമയം അറിയിച്ചിരുന്നു. ഇവയൊന്നും കണക്കാക്കാതെയാണ് നിരുത്തരവാദപരമായ പ്രസ്താവന വനംമന്ത്രി നടത്തിയതെന്ന് കിഫ ആരോപിച്ചു.
ജനങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാനുള്ള ആദ്യദിനങ്ങൾ കഴിഞ്ഞതോടു കൂടി വനം വകുപ്പിന്റെ ഇമെയിൽ വിലാസത്തിലേക്ക് അയച്ച നിർദേശങ്ങൾ സ്ഥലപരിമിതി മൂലം നിരാകരിക്കപ്പെട്ടു എന്ന അറിയിപ്പ് പലർക്കും ലഭിച്ചിട്ടുണ്ട്. ചുരുക്കത്തിൽ ആളുകൾക്ക് അവരുടെ അഭിപ്രായം അറിയിക്കാനുള്ള അവസരം വനംവകുപ്പ് മനഃപൂർവം ഇല്ലാതാക്കി സാമാന്യ നീതിയുടെ നിഷേധം ആണ് നടത്തിയിരിക്കുന്നത്. നിയമ ഭേദഗതിയുമായി മുന്നോട്ടു പോയാൽ മന്ത്രിയും, മന്ത്രിയെ നിയന്ത്രിക്കുന്ന വകുപ്പും ഇതിനൊക്കെ ഉത്തരം പറയേണ്ടി വരും.
മന്ത്രിക്ക് ജനങ്ങളുടെ പ്രതിഷേധത്തിന്റെ ചൂര് തെരുവിൽ നേരിടേണ്ടി വരും. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടന നേരിട്ട് ഈ നിയമ ഭേദഗതിയെ അനുകൂലിച്ചു കത്തുകൾ അയക്കണം എന്ന്് പ്രചാരണം നടത്തിയതിന്റെ തെളിവുകളും കിഫയുടെ പക്കൽ ഉണ്ട്. ജനാധിപത്യ സംവിധാനത്തിൽ പരാതികൾ പറയുവാനുള്ള ജനങ്ങളുടെ അവകാശങ്ങളെ ഹനിക്കുകയും കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നത് ഭൂഷണമല്ലെന്നും കിഫ മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേകരയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എം. അബ്ബാസ്, സോണി പ്ലാത്തോട്ടം, ഡോ. സിബി സക്കറിയാസ്, ജോമി മാളിയേക്കൽ, രമേശ് ചേവക്കുളം, ദിനേശ് ചൂലന്നൂർ, ജോഷി പാലക്കുഴി എന്നിവർ പ്രസംഗിച്ചു.