പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേള 17 ന് തുടങ്ങും
1495014
Tuesday, January 14, 2025 1:42 AM IST
പാലക്കാട്: ചിറ്റൂർ പാഞ്ചജന്യം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേള 17 മുതൽ 23 വരെ ചിറ്റൂർ കൈരളി, ശ്രീ തീയറ്ററുകളിൽ നടക്കും.
കേരളത്തിലെ ഏറ്റവും വലിയ ഗ്രാമീണ ചലച്ചിത്രമേളയായ പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 9 വിഭാഗങ്ങളിലായി 60 ഫീച്ചർ സിനിമകളും 20 ഡോക്യുമെന്ററികളും 20 ഹ്രസ്വചിത്രങ്ങളും ഉൾപ്പടെ 100 പ്രദർശനങ്ങൾ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
മലയാള സിനിമാ ലോകത്ത് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടും ഡബ്ല്യുസിസി യും ഉയർത്തിവിട്ട വലിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ലോകമെങ്ങും വിവിധ തൊഴിലിടങ്ങളിൽ സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന വിവേചനങ്ങൾ ചർച്ചാവിഷയമാക്കുന്ന തൊഴിലിടങ്ങളിലെ സ്ത്രീകൾ എന്നതാണ് മേളയുടെ മുഖ്യപ്രമേയം. മിഠായി തെരുവിലെ സ്ത്രീ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി പൊരുതിയ വിജി പെണ്‍കൂട്ടും ലൈംഗിക തൊഴിലാളികളുടെ ദയനീയ ജീവിതം കേരള സമൂഹത്തിനു മുന്നിൽ തുറന്നു കാണിച്ച നളിനി ജമീലയും സംയുക്തമായി 17ാം തിയ്യതി വൈകുന്നേരം 4.30 ന് പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ വർഷം കാൻ ചലച്ചിത്ര മേളയിൽ ഗ്രാന്റ് ജൂറി പുരസ്ക്കാരം നേടിയ പ്രഭയായ് നിനച്ചതെല്ലാം എന്ന സിനിമയാണ് മേളയുടെ ഉദ്ഘാടന ചിത്രം. മുഖ്യ പ്രമേയത്തെ അടിസ്ഥാനമാക്കി 5 സിനിമകളുടേയും 5 ഡോക്യുമെന്ററികളുടേയും ഒരു പാക്കേജും 4 ഓപ്പണ്‍ ഫോറങ്ങളും സംഘടിപ്പിക്കും. ഇതിനു പുറമെ സിനിമാ ഗാനശാഖയിലെ മാറുന്ന ഭാവുകത്വത്തെക്കുറിച്ചും മേളയിൽ ചർച്ച ചെയ്യും. മേളയിൽ കുട്ടികൾക്കായി ഒരുക്കുന്ന പ്രത്യേക പ്രദർശനങ്ങളിലൂടെ 2500 സ്കൂൾ വിദ്യാർഥികൾക്ക് സിനിമ കാണിക്കും.
ഇന്ത്യൻ പരീക്ഷണാത്മക സിനിമാരംഗത്തെ ഏറ്റവും പ്രധാനപ്പെട്ട സംവിധായകൻ അമിത് ദത്തയുടെ സിനിമകൾ, ആഗോളവത്കരണത്തിന്റെ ആരംഭകാലമായ തൊണ്ണൂറുകളിലെ അമേരിക്കൻ സിനിമകൾ എന്നിങ്ങനെ രണ്ടു പ്രത്യേക പാക്കേജുകൾ മേളയിൽ പ്രദർശിപ്പിക്കും.
അനോറ, എമിലിയോ പെറേസ്, വിർമീഗ്ലിയോ, ദി സബ്സ്റ്റൻസ്, ഗേൾസ് വിൽ ബി ഗേൾസ്, റൈറ്റിംഗ് വിത് ഫയർ, സീഡ് ഓഫ് ദി സേക്രഡ് ഫിഗ് , ടേസ്റ്റ് ഓഫ് തിങ്സ്, ആട്ടം എന്നിങ്ങനെ കഴിഞ്ഞ വർഷങ്ങളിൽ ലോക ചലച്ചിത്രമേളകളിൽ പുരസ്കാരം നേടിയ പ്രധാന സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. സമകാലിക മലയാള സിനിമ, സമകാലിക ഇന്ത്യൻ സിനിമ, സമകാലിക ലോക സിനിമ, ഹോമേജ്, തീം, അമേരിക്കൻ നയന്റീസ് ഡോക്യുമെന്ററി, കാന്പസ് ഫിലിം ഹ്രസ്വചിത്രങ്ങൾ എന്നിങ്ങനെ 9 വിഭാഗങ്ങൾ ആണുള്ളത്. അന്തരിച്ച സക്കീർ ഹുസൈൻ, ശ്യാം ബെനഗൽ, എം.ടി. വാസുദേവൻ നായർ എന്നിവർക്ക് ആദരം അർപിക്കുന്ന സിനിമകളുടെ പ്രദർശനം സംഘടിപ്പിക്കും.
ഓർഗനൈസിംഗ് കമ്മിറ്റി കണ്‍വീനർ സി. രൂപേഷ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി.എസ്. ശ്രീവത്സൻ, ഫിനാൻസ് കമ്മിറ്റി കണ്‍വീനർ ദിനു ചന്ദ്രൻ, സംഘാടക സമിതിയംഗങ്ങളായ കെ.ആർ. ഇന്ദു, പ്രശാന്ത് പാനിയോട്, ബിനു അറയ്ക്കൽ, വി. പ്രവീണ. എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.