നഗരവികസന മാസ്റ്റർപ്ലാൻ: കണ്ണിയംപുറത്ത് ഡ്രോൺസർവേയ്ക്കു തുടക്കം
1494736
Monday, January 13, 2025 1:09 AM IST
ഒറ്റപ്പാലം: നഗരസഭാ പ്രദേശത്ത് ഡ്രോൺസർവേ ആരംഭിച്ചു. ഒറ്റപ്പാലത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള രൂപരേഖ തയാറാക്കുന്നതിനു വേണ്ടിയുള്ള ഡ്രോൺസർവേയാണ് ഒറ്റപ്പാലത്ത് തുടങ്ങിയത്.
നഗരസഭയും വാണിയംകുളം പഞ്ചായത്തുംതമ്മിൽ അതിർത്തിപങ്കിടുന്ന മനിശ്ശേരിയിൽനിന്നാണ് സർവേ തുടങ്ങിയത്. അതിർത്തിരേഖ കൃത്യമാക്കി കിള്ളിക്കാവ്, കണ്ണിയംപുറം യു.പി. സ്കൂൾ വാർഡുകളിലൂടെ സർവേ കടന്നുപോകും.
ഒറ്റപ്പാലം നഗരസഭയിലെ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയ മുഴുവൻവിവരങ്ങളും ഡിജിറ്റലാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് സർവേ തുടങ്ങിയിട്ടുള്ളത്. സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ഡ്രോൺസർവേ കേന്ദ്രാവിഷ്കൃത അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നടത്തുന്നത്.
ജലാശയങ്ങൾ, തുറന്നസ്ഥലങ്ങൾ, റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, അഴുക്കുചാലുകൾ, മറ്റു നിർമിതികൾ എന്നിവയെല്ലാം മാപ്പിംഗിൽ ഉൾപ്പെടുത്തുകയെന്നതാണ് ലക്ഷ്യമിടുന്നത്.
ഡ്രോൺ പകർത്തുന്ന നഗരസഭയുടെ ചിത്രങ്ങൾ സർവേ ഓഫ് ഇന്ത്യയ്ക്ക് നൽകുകയും സർവേ ഓഫ് ഇന്ത്യ അത് കുറ്റമറ്റതാക്കി അതത് നഗരസഭകൾക്ക് കൈമാറുകയും ചെയ്യും.
സർവേറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏതൊക്കെ മേഖലകളിൽ വികസനം നടപ്പാക്കണമെന്ന് നഗരസഭയ്ക്ക് ടൗൺപ്ലാനിംഗ് വിഭാഗത്തിന്റെകൂടി സഹകരണത്തോടെ തയാറാക്കാൻ കഴിയും. ജില്ലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ട് നഗരസഭകളിലൊന്നാണ് ഒറ്റപ്പാലം.