റോഡരികിൽ മാലിന്യക്കൂമ്പാരം; ജനങ്ങൾക്കു ദുരിതം
1495423
Wednesday, January 15, 2025 6:51 AM IST
മുതലമട: പഞ്ചായത്തിന്റെ വിവിധപ്രദേശങ്ങളിൽ വർധിച്ചു വരുന്ന മാലിന്യകൂമ്പാരത്തിൽ ജനം പൊറുതിമുട്ടുന്നു. കാമ്പ്രത്ത്ചള്ള ടൗൺ മുതൽ നെണ്ടൻകിഴായവരെ റോഡിന്റെ ഇരുവശത്തും പച്ചക്കറി മാലിന്യം, കോഴി വെയ്സ്റ്റ് ഉൾപ്പെടെ വ്യാപിച്ചുകിടപ്പുണ്ട്. ഇപ്പോൾ ബാർബർ ഷോപ്പിൽ നിന്നും മുടിയും റോഡരികിലാണ് തള്ളുന്നത്.
കാറ്റടിക്കുമ്പോൾ മുടിപറന്ന് ഇരുചക്ര വാഹന, കാൽനടയാത്രക്കാരുടെ മുഖത്തും കണ്ണിലും വീഴുന്നുണ്ട്. പഞ്ചായത്തുകൾതോറും മാലിന്യനിർമാർജന യജ്ഞം കൂടുതൽ ഫലപ്രദമായി നടന്നുവരുമ്പോൾ മുതലമട പഞ്ചായത്ത് ഭരണസമിതി ഇതൊന്നും അറിയാത്ത മട്ടിലാണ് നീങ്ങുന്നത്. കുടിവെള്ള പൈപ്പുപൊട്ടി മാലിന്യത്തിലെത്തി ദുർഗന്ധവും ഉണ്ടാവുന്നുണ്ട്. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായകൾ റോഡിൽ പരക്കംപാഞ്ഞ് നിരവധി അപകടങ്ങളും ഉണ്ടാകുന്നുണ്ട്.
തൃശൂർ -പൊള്ളാച്ചി അന്തർസംസ്ഥാനപാത എന്നതിനാൽ രാപ്പകൽ വാഹനസഞ്ചാരമുള്ള പ്രധാനപാതയിലാണ് ഒഴിയാബാധയായി മാലിന്യംകൂമ്പാരങ്ങൾ കാണപ്പെടുന്നത്. റോഡരികിൽ വളർന്നുപന്തലിച്ച പാഴ്ചെടികളിൽ പന്നികൾ താവളമാക്കിയിട്ടുമുണ്ട്.