പെരുമാട്ടിയിൽ ഓലകരിച്ചിൽ ബാധിച്ച വയലുകളിൽ പ്രതിരോധ നടപടികളുമായി അധികൃതർ
1495427
Wednesday, January 15, 2025 6:51 AM IST
വണ്ടിത്താവളം: പെരുമാട്ടി കൃഷിഭവനിലെ വിളയാരോഗ്യകേന്ദ്രം നടത്തിയ കൃഷിയിട സന്ദർശനത്തിൽ വിവിധ പാടശേഖരങ്ങളിലായി ഏകദേശം 60 ദിവസം പ്രായമായ സിആർ ഇനത്തിൽപ്പെട്ട നെൽകൃഷിയിൽ ബാക്ടീരിയൽ ഓലകരിച്ചിൽ രോഗം രൂക്ഷമായതായി കണ്ടെത്തി. പ്രാഥമികനടപടി എന്ന നിലയിൽ കർഷകർ നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കണമെന്ന് കൃഷി ഓഫീസർ നിർദേശിച്ചിരിക്കുകയാണ്.
ക്രെസെക്, ഇലവാട്ടം എന്നിങ്ങനെ അണുബാധയുടെ രണ്ട് ഘട്ടങ്ങളാണ് ബാക്ടീരിയൽ വാട്ടത്തിന്റെ പ്രത്യേകത. ക്രെസെകിൽ മുഴുവൻ ചെടിയും ഉണങ്ങുകയോ വാടുകയോ ചെയ്യുന്നു. നഴ്സറികളിലെ വളർച്ചയുടെ പ്രാരംഭഘട്ടത്തിലും പറിച്ചുനട്ട് 3-4 ആഴ്ച വരെയും ഇത് വിളയെ ബാധിക്കുന്നു രോഗം ബാധിച്ച ഇലകൾ ചാരനിറത്തിലുള്ള പച്ചയായി മാറുകയും, ഇല ഉണങ്ങി ചുരുളാൻ തുടങ്ങുകയും ചെയ്യുന്നു. കഠിനമായ കേസുകളിൽ നെൽച്ചെടികൾ പൂർണമായും നശിച്ചേക്കാം.
ഇലകളുടെ അഗ്രഭാഗത്ത് പാടുകൾ കാണപ്പെടുകയും, പിന്നീട് വശങ്ങളിലൂടെ താഴോട്ട് പടരുന്നതുമാണ് ലക്ഷണങ്ങൾ. ഈ പാടുകൾ വലുതായി ഇല മുഴുവൻ ബാധിക്കുന്നു.
പറിച്ചു നടുമ്പോൾ ഞാറിന്റെ തലപ്പ് മുറിക്കുന്നതും മണ്ണ് പോകാൻവേണ്ടി ഞാറിന്റെ കട തല്ലുന്നതും രോഗബാധയ്ക്ക് ഇടയാക്കും. പരിശോധന വഴി നെൽച്ചെടികളെ ബാധിച്ചിരിക്കുന്നത് ബാക്ടീരിയൽ ഇലകരിച്ചിൽ രോഗമാണോ എന്ന് സ്ഥിരീകരിക്കാം.
രോഗംബാധിച്ച നെൽച്ചെടി ചുവടെ മുറിച്ച് വെള്ളം നിറച്ച് ചില്ലുഗ്ലാസിൽ കുറച്ച് നിമിഷത്തേക്ക് മുക്കിപ്പിടിക്കുക. പാലുപോലെ നേർത്ത ദ്രാവകം ഊറിവരുന്നത് ബാക്ടീരിയൽ ഓലകരിച്ചിൽ രോഗം സ്ഥിരീകരിക്കുന്നു. 20 ഗ്രാം പച്ചചാണകം ഒരുലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയുടെ തെളിയുടെ കൂടെ 20 ഗ്രാം സുഡോമോണാസ് കൂടി കലർത്തി തളിക്കുന്നത് ബാക്ടീരിയൽ ഇല കരിച്ചിൽ രോഗം വരാതിരിക്കാനുള്ള മുൻകരുതലായി ചെയ്യാവുന്നതാണ്. ബ്ലീച്ചിംഗ് പൗഡർ 100 ഗ്രാമിന്റെ 20 കിഴി കെട്ടി വെള്ളം പോകുന്ന ചാലുകളിലും, കണ്ടത്തിൽ അവിടവിടെയായി ഇട്ട് കൊടുക്കാം. ഇത് രോഗം പകരാതിരികുന്നതിന് സഹായിക്കും.
ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതിനു മുന്പായി ബാക്ടീരിയൽ രോഗമാണെന്ന് ഉറപ്പ് വരുത്തണം. രോഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ മാസ്റ്റർ കോപ് എന്ന കുമിൾനാശിനി 120 മില്ലി 200 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിച്ചുകൊടുക്കാവുന്നതാണെന്നും പെരുമാട്ടി കൃഷി ഓഫീസർ സീതു സി. പ്രേമൻ, കൃഷി അസിസ്റ്റന്റ് എ.ബി. സുബിന, പിഎച്ച്എം ദീപ്തി എന്നിവർ അറിയിച്ചു.