ബസ് സ്റ്റോപ്പുകൾ മാറ്റിയതോടെ കല്ലടിക്കോട്ടെ കച്ചവടം തഥൈവ!
1495437
Wednesday, January 15, 2025 6:52 AM IST
കല്ലടിക്കോട്: റോഡ് നവീകരണത്തിനിടെ നിലവിലുണ്ടായിരുന്ന ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിച്ചതോടെ കച്ചവടം പകുതിയായതായി വ്യാപാരികളുടെ പരാതി.
കല്ലടിക്കോട് ദീപ കവലയിലാണ് കച്ചവടത്തെ ഏറ്റവും അധികം ബാധിച്ചത്. രണ്ടുകിലോമീറ്ററുകളിലായി നീണ്ടുകിടക്കുന്ന കല്ലടിക്കോട്ടിൽ ഏറ്റവുമധികം കച്ചവടസ്ഥാപനങ്ങളുള്ളത് ദീപ കവല മുതൽ മാപ്പിള സ്കൂൾ കവല വരെയാണ്. കല്ലടിക്കോട് കാട്ടുശേരി അയ്യപ്പൻകാവ്, മേലേ ചുങ്കം, ചുങ്കം, ടിബി, ദീപ, മാപ്പിളസ്കൂൾ, എന്നിവിടങ്ങളിലായിരുന്നു നിലവിൽ ആറ് സ്റ്റോപ്പുകളുണ്ടായിരുന്നത്.
റോഡുനിർമ്മാണം കഴിഞ്ഞപ്പോൾ കാട്ടുശേരി അയ്യപ്പൻകാവ്, കല്ലടിക്കോട് ഫെഡറൽ ബാങ്കിനു സമീപം, കല്ലടിക്കോട് ഗായത്രിക്കു സമീപമെന്നിങ്ങനെ മൂന്നു സ്റ്റോപ്പായി കുറച്ചു.
ടൗണിലെ തിരക്കും അപകടങ്ങളും കുറയ്ക്കാനെന്ന പേരിൽ വരുത്തിയ മാറ്റമാണ് കച്ചവടക്കാരെയും സ്ത്രീകളും കുട്ടികളുമടക്കമുള്ള വഴിയാത്രക്കാരെയും പ്രയാസത്തിലാക്കിയത്.
ചുങ്കത്തുള്ളവർ അരകിലോമീറ്റർനടന്ന് കാട്ടുശേരി അയ്യപ്പൻകാവിലോ, 750 മീറ്റർ നടന്ന് ഫെഡറൽ ബാങ്കിനു സമീപമോ എത്തിവേണം ബസിൽ കയറാൻ. ദീപാകവലയിലുള്ളവർക്ക് അരക്കിലോമീറ്ററോളം നടന്ന് ഫെഡറൽ ബാങ്കിന്റെ ഭാഗത്തുനിന്നോ ഗായത്രിയുടെ ഭാഗത്തുനിന്നോ വേണം കയറാൻ.
ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ബസ് സ്റ്റോപ്പുകൾ മാറ്റിസ്ഥാപിച്ചതോടെ ആളുകൾ കച്ചവടസ്ഥാപനങ്ങളിൽ എത്താതായി. ദിവസവും പതിമൂവായിരം രൂപവരെ ലഭിച്ചിരുന്ന പല കടക്കാർക്കും രണ്ടായിരം മൂവായിരം രൂപവരെയാണ് കച്ചവടത്തിൽനിന്നും കിട്ടുന്നത്. ചുങ്കത്തെ ബസ് സ്റ്റോപ്പ് നിർത്തലാക്കിയതോടെ കഷ്ടത്തിലായ യാത്രക്കാരും കച്ചവടക്കാരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സ്റ്റോപ്പ് പുനസ്ഥാപിച്ചു.
ദീപയിലെ ബസ് സ്റ്റോപ്പും പുനഃസ്ഥാപിക്കണമെന്നാണ് വ്യാപാരികളുടേയും യാത്രക്കാരുടേയും ആവശ്യം. ദീപാകവലയിൽ ബസ് നിർത്തിക്കൊടുക്കാൻ ബസുകാർ തയാറാണെങ്കിലും പോലീസ് പിഴ ഈടാക്കുന്നതു കൊണ്ടാണ് നിർത്താൻ കഴിയാത്തതെന്നാണ് അവരുടെ വാദം.
തൊട്ടടുത്ത തുപ്പനാട്ടുകാർക്കാണ് ഏറ്റവും വലിയ പ്രതിസന്ധി. സ്റ്റോപ്പ് എടുത്തുകളഞ്ഞതോടെ ഒരു കിലോമീറ്റർ കയറ്റംകയറി ഗായത്രി കവലയിലോ ഒന്നര കിലോമീറ്റർ നടന്ന് പനയമ്പാടത്തോ എത്തണം ബസിൽകയറി യാത്ര ചെയ്യാൻ.
അശാസ്ത്രീയമായ ബസ് സ്റ്റോപ്പ് പരിഷ്കരണം പിൻവലിക്കണമെന്നും ദീപാകവലയിലും തുപ്പനാട്ടിലും ബസ് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.