ജലാശയങ്ങളിൽ ജാഗ്രതൈ!
1495035
Tuesday, January 14, 2025 1:57 AM IST
അപായക്കുഴികളേറെ,
മംഗലംഡാം റിസർവോയറിൽ
മംഗലംഡാം: മംഗലംഡാം റിസർവോയറിന്റെ കരഭാഗങ്ങൾ മഴക്കാലത്ത് വെള്ളംനിറഞ്ഞു കിടക്കുന്നതിനേക്കാൾ അപകടകാരിയാണ് വെള്ളംവറ്റുന്ന വേനൽ മാസങ്ങളിൽ. മണ്ണെടുക്കൽ പാതിവഴിയിൽ നിർത്തിവച്ചിട്ടുള്ള റിസർവോയറിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് വലിയ അപകടക്കുഴികളാണ്.
ഡാം കാണാനെത്തുന്നവരും സമീപവാസികളുമെല്ലാം ഈ കുഴികൾ ശ്രദ്ധിച്ചില്ലെങ്കിൽ ദുരന്തങ്ങൾ സംഭവിക്കും. പല വർഷങ്ങളിലും ഇത്തരം കുഴികളിൽപ്പെട്ട് മരണങ്ങളുണ്ടായിട്ടുണ്ട്. കാണുമ്പോൾ ചെറിയ കുഴികളാണന്നേ തോന്നു. എന്നാൽ ഇതിൽ ഇറങ്ങിയാൽ കിണറിലേക്ക് താഴ്ന്നുപോകുന്നതുപോലെ പോകും. അത്രയും ഇളകിയ മണ്ണാണ് കുഴികളിലെല്ലാം.
പശ കൂടിയ മണ്ണായതിനാൽ പെട്ടെന്ന് തെന്നി വീഴാനുള്ള സാധ്യതകളുമുണ്ട്. പൊങ്ങിവരാനും കഴിയില്ല. ഡാമിൽ വെള്ളം നിറയുമ്പോഴും കുഴികൾ വില്ലനായി മാറും. കുളിക്കാനെത്തുന്ന സമീപവാസികളും ജാഗ്രത പുലർത്തണം. ഡാമിൽ നിന്നും മണ്ണ് നീക്കലിന്റെ ഭാഗമായി റിസർവോയറിനുള്ളിൽ പലയിടത്തും ഇത്തരം കുഴികളുണ്ട്.
ജെസിബി ഉപയോഗിച്ച് മണ്ണെടുത്ത കുഴികളാണിത്. കരഭാഗങ്ങളിലാണ് ഇതുകൂടുതൽ. പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിനൊപ്പം ബന്ധപ്പെട്ട അധികൃതരുടെ നിരീക്ഷണവും ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.