കണയത്തെ അപകീർത്തി നോട്ടീസ് പ്രചാരണത്തിനെതിരേ സിപിഎം
1494739
Monday, January 13, 2025 1:09 AM IST
ഷൊർണൂർ: കണയത്ത് സിപിഎമ്മിനെയും നഗരസഭാ സ്ഥിരംസമിതി അധ്യക്ഷനെയും അപകീർത്തിപ്പെടുത്തുന്നവിധം ‘വികസനസമിതി’ എന്നപേരിൽ നോട്ടീസ് പ്രചരിപ്പിക്കുന്നതിനെതിരേ സിപിഎം.
വാർഡുമായി ബന്ധമില്ലാത്ത തന്റെ പേര് വലിച്ചിഴച്ചതിൽ നിയമനടപടി സ്വീകരിക്കുമെന്നു സ്ഥിരംസമിതി അധ്യക്ഷൻ കെ.എം. ലക്ഷ്മണൻ പറഞ്ഞു. നാഥനില്ലാത്ത നോട്ടീസിറക്കി സിപിഎമ്മിനെ അപകീർത്തിപ്പെടുത്തുകയാണെന്ന് കുളപ്പുള്ളി ലോക്കൽ സെക്രട്ടറി എൻ. ജയപാലനും പറഞ്ഞു.
രാത്രി വീടുകളിലെത്തി നോട്ടീസിട്ട് കോളിംഗ് ബെല്ലടിച്ചശേഷം രണ്ടുപേർ സ്കൂട്ടറിൽ പോകുകയായിരുന്നെന്ന് കൗൺസിലർ ഫാത്തിമത്ത് ഫർസാനയും അറിയിച്ചു.
ഒന്നാംവാർഡ് വികസനസമിതി എന്നപേരിൽ പുറത്തിറക്കിയ നോട്ടീസിൽ സിപിഎം ജനവഞ്ചക പാർട്ടിയെന്നാണ് പറയുന്നത്. സുരേഷ് ഗോപി എംപി അനുവദിച്ച കണയം കരുമ്പനക്കിൽ ഗൗരിയമ്മപടി- കണയം കുറുമ്പക്കാവ് റോഡുനിർമാണം മുടങ്ങിയത് ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നു എന്നതുൾപ്പെടെയുള്ള ആരോപണങ്ങളും നോട്ടീസിൽ പറയുന്നു.
റോഡുനിർമാണത്തിന്റെ ഭാഗമായുള്ള അജൻഡ നഗരസഭാ കൗൺസിലിൽ എത്തിയപ്പോൾ സ്ഥിരംസമിതി അധ്യക്ഷൻ കെ.എം. ലക്ഷ്മണൻ ആദ്യം എതിർത്തെന്നും പരാമർശിക്കുന്നുണ്ട്. ഇതെല്ലാം അടിസ്ഥാനരഹിതമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും എൻ. ജയപാലൻ അറിയിച്ചു.