വീടിനുള്ളിലേക്കു തീയിട്ട് കത്തിക്കാൻ ശ്രമം
1495039
Tuesday, January 14, 2025 1:57 AM IST
വടക്കഞ്ചേരി: കിഴക്കഞ്ചേരി എരിക്കിൻചിറയിൽ മോഷ്ടാക്കളുടെ വിളയാട്ടത്തിൽ ഭയന്ന് നാട്ടുകാർ.ഞായറാഴ്ച രാത്രി പത്തരയോടെ എരിക്കിൻച്ചിറ പള്ളിക്കടുത്ത് കുറ്റിയിട റെനി വർഗീസിന്റെ വീടിനു തീയിട്ട് ഭീകരാന്തരീഷം സൃഷ്ടിച്ചു.
തീപിടുത്തത്തിൽ കാലുകൾക്ക് ഗുരുതരമായി പൊള്ളലേറ്റ റെനി യുടെ മകൻ നെവിൻ (14) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തീവ്ര പരിചരണ വിഭാഗത്തിലാണ് നെവിൻ ചികിത്സയിലുള്ളത്. അരയ്ക്കുതാഴെ രണ്ടുകാലിലും സാരമായ പൊള്ളലുണ്ട്.
നെവിൻ കിടന്നുറങ്ങിയിരുന്ന ഹാളിനടുത്തെ മുറിയിലെ ജനൽ വഴിയാണ് തീ കൊളുത്തിയിട്ടുള്ളതെന്നു സംശയിക്കുന്നു. മുറിയിലെ ജനൽവാതിലുകൾ അടച്ചിരുന്നില്ല.
കട്ടിലിലെ ബെഡും പുസ്തകങ്ങളും തുണികളുമെല്ലാം കത്തിനശിച്ചു. മുറിക്കുള്ളിലെ അലമാരയും കത്തിയിട്ടുണ്ട്.സ്ഫോടനം പോലെയുള്ള ശബ്ദംകേട്ടാണ് വീട്ടുകാർ ഉണർന്നത്. റെനിയും ഭാര്യ ദിവ്യയും അമ്മ കുഞ്ഞമ്മയും മറ്റു മുറികളിലായിരുന്നു കിടന്നിരുന്നത്.
മുറിക്കുള്ളിൽനിന്നും തീഗോളങ്ങൾപോലെയാണ് പുറത്തു വന്നിരുന്നതെന്ന് വീട്ടുകാർ പറഞ്ഞു. ഞായറാഴ്ച രാവിലെ സമീപത്തെ പള്ളിയിൽ പോയ സമയം വീടുതുറന്നു മോഷണശ്രമം നടന്നിരുന്നതായി റെനി പറഞ്ഞു.
വീടിനുപുറത്ത് ഒളിപ്പിച്ചുവച്ചിരുന്ന വീടിന്റെ താക്കോൽ കണ്ടെത്തി അതെടുത്തു വാതിൽ തുറന്നാണ് മോഷ്ടാവ് അകത്തുകടന്നിരുന്നത്. വീട്ടു സാധനങ്ങളും അലമാരകളും വലിച്ചുവാരിയിട്ട നിലയിലാണ്.
വീട്ടിൽ അരലക്ഷത്തോളം രൂപമുണ്ടായിരുന്നു. പള്ളിയിൽ പോകുന്ന സമയം റെനി പണം കൈയിൽ കരുതിയതിനാൽ പണംനഷ്ടപ്പെട്ടില്ല. ഒരു ജോഡി വെള്ളിക്കമ്മലും സ്വർണ കമ്മലിന്റെ ഒരു പിരിയുമാണ് അലമാരയിലുണ്ടായിരുന്നത്. ഞായറാഴ്ച വൈകീട്ടാണ് മോഷണം സംബന്ധിച്ച പരാതി വടക്കഞ്ചേരി പോലീസിൽ നൽകിയത്.
അതിനു പിന്നാലെയായിരുന്നു വീടുകത്തിക്കുന്ന ശ്രമം നടന്നത്. മാല പൊട്ടിക്കലും മറ്റു മോഷണങ്ങളുമായി ഭീതിയിലായ നാട്ടുകാർ രാത്രി ഉറക്കംകളഞ്ഞ് മെയിൻ റോഡിനടുത്ത് കാവലിരിക്കുന്നതിനിടെയാണ് റെനിയുടെ വീട്ടിൽ സംഭവം നടന്നത്.
രണ്ടുദിവസം മുമ്പ് റെനിയുടെ തന്നെ വീടിന്റെ ടെറസിനു മുകളിൽ തീയിട്ട നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഈ പ്രദേശത്ത് രാത്രികാലങ്ങളിൽ വാതിലിലും ജനാലകളിലും മുട്ടുകയും മറ്റും നടക്കുന്നതായി നാട്ടുകാർ പറഞ്ഞു.
റെനിയുടെ വീടിനു സമീപത്തെ ചുണ്ടനാകുടിയിൽ ചാക്കപ്പന്റെ വീടിന്റെ ടെറസിനു മുകളിൽ മങ്കിക്യാപ്പ് ധരിച്ച ഒരാളെ കഴിഞ്ഞദിവസം പുലർച്ചെ കണ്ടിരുന്നു. സമീപ വീട്ടുകാർ ബഹളം വച്ചപ്പോൾ ഇയാൾ ഇറങ്ങിയോടി. ഇതിനടുത്ത് നെടുവാംകുഴി റോയിയുടെ വീടിനു പുറകിലെ റബർ പുകപ്പുര പൊളിക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. വടക്കഞ്ചേരി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.