ഒറ്റപ്പാലം താലൂക്ക് ആശുപത്രി പുതിയ കെട്ടിടം പ്രവർത്തനക്ഷമമാക്കുന്നു
1493557
Wednesday, January 8, 2025 7:19 AM IST
ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടം ഉദ്ഘാടനത്തിന് കാത്ത് നിൽക്കാതെ തുറക്കാൻ തീരുമാനം. ഈ മാസം ചികിത്സാവിഭാഗങ്ങളെല്ലാം പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാണ് തീരുമാനം. ഘട്ടംഘട്ടമായി പ്രവർത്തനം തുടങ്ങാനാണ് ധാരണ.
എല്ലാ വിഭാഗങ്ങളും മാറുന്നതോടെ നിലവിലെ മാതൃ-ശിശു കേന്ദ്രം കെട്ടിടത്തിൽ കിടത്തിച്ചികിത്സയും അനുബന്ധസൗകര്യങ്ങളും മാത്രമാകും. ഉദ്ഘാടനത്തിന് ആരോഗ്യവകുപ്പ് മന്ത്രിയെ ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് നഗരസഭാധികൃതർ. ഇത് വൈകാനിടയുള്ളതിനാലാണ് പ്രവർത്തനം തുടങ്ങാൻ തീരുമാനിച്ചത്.
ഒപി, അത്യാഹിതവിഭാഗം, ലാബ് ഉൾപ്പെടെയുള്ളവയാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നത്. കിഫ്ബിയിൽ ഉൾപ്പെടുത്തി 10.65 കോടി രൂപ ചെലവിലാണ് ആധുനികസൗകര്യങ്ങളോടെ മൂന്നുനിലകെട്ടിടം നിർമിച്ചത്. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പ് കാലത്തുതന്നെ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിരുന്നു. പെരുമാറ്റച്ചട്ടം വന്നതോടെ ഉദ്ഘാടനം വൈകുകയായിരുന്നു. സെപ്റ്റംബറിൽ അഗ്നിരക്ഷാസേനയുടെ നിരാക്ഷേപപത്രം ഉൾപ്പെടെ രേഖകൾ ലഭിച്ചെങ്കിലും കെട്ടിടം തുറക്കാൻ വൈകി.
ഉദ്ഘാടനത്തിനുള്ള ആലോചനകൾക്കിടെ പാലക്കാട് ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ജില്ലയിൽ നിലവിൽ വന്നതോടെ ഉദ്ഘാടനം വീണ്ടും നടത്താനാകാത്ത സ്ഥിതിവന്നു. അടച്ചിട്ട നിലയിൽ കെട്ടിടം കിടക്കുമ്പോൾ എലി കയറി വയറുകളും മറ്റും കടിച്ചുനശിപ്പിക്കുമോയെന്ന ആശങ്ക കൂടിയാണ് ഉദ്ഘാടനത്തിന് മുന്പേ പ്രവർത്തനം തുടങ്ങാൻ കാരണം.