അബ്രഹാം തോലാനിക്കലിനു നാടിന്റെ യാത്രാമൊഴി
1492893
Monday, January 6, 2025 1:41 AM IST
വടക്കഞ്ചേരി: കഴിഞ്ഞ ദിവസം അന്തരിച്ച വടക്കഞ്ചേരി ഡിവൈൻ ഹോസ്പിറ്റൽ ചെയർമാനും കോൺഗ്രസ്, കേരള കോൺഗ്രസ് നേതാവുമായ മുടപ്പല്ലൂർ പന്തംപറമ്പ് അബ്രഹാം തോലാനിക്കലിന്റെ (അവിരാച്ചൻ - 69) മൃതസംസ്കാര ശുശ്രൂഷകൾ വൻജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു.
രാഷ്ട്രീയ, സാമൂഹ്യ മണ്ഡലങ്ങളിലുൾപ്പെടെ നാനാതുറകളിലെ നൂറുകണക്കിനാളുകൾ സംസ്കാര ശുശ്രൂഷകൾക്കെത്തിയിരുന്നു. നിരവധി വൈദികരും സിസ്റ്റേഴ്സും അന്തിമോപചാരമർപ്പിക്കാനെത്തി.
രൂപതാധ്യഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ വസതിയിൽനിന്നു സംസ്കാര ശുശ്രൂഷകൾ ആരംഭിച്ച് വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന പള്ളിയിലെ കുടുംബക്കല്ലറയിൽ മൃതദേഹം സംസ്കരിച്ചു.
പൊൻകണ്ടംപള്ളി മുൻ വികാരിയും ഇപ്പോഴത്തെ ഒറ്റപ്പാലം ഫൊറോന വികാരിയുമായ ഫാ .സണ്ണി വാഴേപറമ്പിൽ അനുശോചന പ്രസംഗം നടത്തി. സീറോ മലബാർസഭ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സിബിസിഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത് എന്നിവരും അനുശോചനമറിയിച്ചു.
ബിഷപ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത്, ഫൊറോന വികാരി ഫാ. റെജി പെരുമ്പിള്ളിൽ, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ, കേരള കോൺഗ്രസ്- എം ചെയർമാൻ ജോസ് കെ. മാണി എംപി, വി.കെ. ശ്രീകണ്ഠൻ എംപി, ഡീൻ കുര്യാക്കോസ് എംപി, മുൻ എംപി രമ്യ ഹരിദാസ്, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.കെ. കുശലകുമാർ, എംഎൽഎമാരായ കെ. ബാബു, കെ.ഡി. പ്രസേനൻ, പി.പി.സുമോദ്, ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, കെപിസിസി സെക്രട്ടറിമാരായ അഡ്വ. ജയന്ത്, പ്രഫ.കെ.എ. തുളസി, എസ്. അശോകൻ, പത്മജ വേണുഗോപാൽ, തൃശൂർ ഡിസിസി മുൻ പ്രസിഡന്റ് ജോസ് വള്ളൂർ, മുൻമന്ത്രി കെ. ഇ. ഇസ്മയിൽ, മുൻ എംഎൽഎമാരായ സി. കെ. രാജേന്ദ്രൻ, അനിൽ അക്കര, കോട്ടയം ഡിസിസി മുൻ പ്രസിഡന്റ് ടോമി കല്ലാനി തുടങ്ങി ഒട്ടേറെ നേതാക്കളും അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. ദീപികക്കു വേണ്ടി ഡിഎഫ്സി രൂപത മുൻ പ്രസിഡന്റ് ജോണി ഡയൻ കാരുവളളി റീത്ത് സമർപ്പിച്ചു.