പുറന്പോക്ക് കൈയേറ്റങ്ങൾ കണ്ടെത്തി ഒഴിപ്പിക്കണമെന്നു താലൂക്ക് വികസന സമിതി
1492890
Monday, January 6, 2025 1:41 AM IST
പാലക്കാട്: പുറന്പോക്ക് കൈയേറ്റങ്ങൾ സ്വമേധയാ കണ്ടെത്തി അതതു വകുപ്പുകളുടെ മേൽനോട്ടത്തിൽതന്നെ താലൂക്ക് സർവേയുടെ സേവനം ഉപയോഗപ്പെടുത്തി സംയുക്ത പരിശോധന നടത്തി ഒഴിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആർഡിഒ എസ്. ശ്രീജിത്ത് പാലക്കാട് താലൂക്ക് വികസന സമിതി യോഗത്തിൽ നിർദേശം നൽകി.
സർക്കാർ പുറന്പോക്ക് കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ വിവിധ വകുപ്പുകൾ അമാന്തം കാണിക്കുകയാണെന്നു ആർഎംപിഐ പ്രതിനിധി ജയൻ മന്പറം യോഗത്തിൽ ഉന്നയിച്ചു. എല്ലാമാസവും ആദ്യത്തെ ശനിയാഴ്ച നടത്തപ്പെടുന്ന താലൂക്ക് വികസന സമിതിയിൽ പല വകുപ്പുകളുടെയും പ്രതിനിധികൾ പങ്കെടുക്കാത്തത് അംഗങ്ങൾ യോഗത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു.
നിരന്തരമായി യോഗത്തിൽ പങ്കെടുക്കാത്തവരുടെ വിശദവിവരം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്യാൻ ആർഡിഒ നിർദ്ദേശിച്ചു. കെഎസ്ആർടിസി ലിങ്ക് റോഡിൽ കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യുന്ന മൂലം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നു.
ജില്ലാ ആശുപത്രിക്ക് മുൻവശത്ത് ഇരുചക്ര വാഹനങ്ങളുടെ പാർക്കിംഗ് ഗതാഗത തടസം സൃഷ്ടിക്കുന്നതായും അപകടസാധ്യത വർധിപ്പിക്കുന്നതായും ഈ വിഷയങ്ങൾ പരിഹരിക്കാൻ വേണ്ട നടപടികളുണ്ടാകണമെന്നും എൻസിപിയുടെ പ്രതിനിധി കബീർ വെണ്ണക്കര ആവശ്യപ്പെട്ടു. ജില്ലാ മെഡിക്കൽ കോളജിൽ കിടത്തിചികിത്സ പൂർണതോതിൽ നടത്താത്തതും മെഡിക്കൽ കോളജിലും കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലും കാന്റീൻ സൗകര്യമില്ലാത്തതും പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് ബോബൻ മാട്ടുമന്ത സമിതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
തഹസിൽദാർ എൻ.എൻ. മുഹമ്മദ് റാഫി, താലൂക്ക്തല വകുപ്പുമേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.