പ്രവൃത്തികൾ സെപ്റ്റംബറിൽ തീരും; പഴയപാലവും നവീകരിക്കും
1492887
Monday, January 6, 2025 1:41 AM IST
ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലത്ത് പുതിയപാലം നിലവിൽ വരുന്നതിനൊപ്പം പഴയപാലം നവീകരിച്ച് ഗതാഗതത്തിനുപയോഗിക്കാൻ പദ്ധതി. കണ്ണിയംപുറത്ത് നിലവിലുള്ള മാതൃകയിൽ ഒറ്റവരി ഗതാഗതമാവും പാലങ്ങളിൽ സജ്ജമാക്കുക.
പാലക്കാട്-കുളപ്പുള്ളി പാതയിലെ കിഴക്കേതോടിനു കുറുകെയാണ് പുതിയപാലത്തിന്റെ പണി നടക്കുന്നത്. ഇതു സെപ്റ്റംബറിൽ പൂർത്തിയാകും.
നിലവിലുള്ള പാലത്തോടുചേർന്നുള്ള പുതിയപാലത്തിന്റെ പണിയാണ് തുടങ്ങിയത്. നടപടി തുടങ്ങിയതായും മറ്റുതടസങ്ങളില്ലെങ്കിൽ കൃത്യസമയത്ത് പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നു കെ. പ്രേംകുമാർ എംഎൽഎ പറഞ്ഞു.
മഴയെത്തുടർന്ന് നിർത്തിവച്ചിരുന്ന പാലംപണി പുനരാരംഭിച്ചതോടെ കെ. പ്രേംകുമാറിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചിരുന്നു. 2024ലാണ് പുതിയപാലത്തിന്റെ ദർഘാസ് നടപടി പൂർത്തിയാക്കിയത്.
പിന്നീട് കോൺക്രീറ്റ് തൂണുകൾ നിർമിക്കുന്നതിനായി വെള്ളം ഒഴിവാക്കാൻ ബണ്ട് കെട്ടലുൾപ്പെടെയുള്ള നടപടിയും തുടങ്ങി. എന്നാൽ അപ്രതീക്ഷിതമായി മഴ ശക്തമായതോടെ ബണ്ട് തകരുകയും പണിമുടങ്ങുന്ന സാഹചര്യവുമുണ്ടായി.
ഇനി വെള്ളം പൂർണമായും ഒഴുക്കിക്കളഞ്ഞ് സ്ഥലമൊരുക്കുന്ന പണിയാണ് ചെയ്യുന്നത്. നാലടിയോളം വെള്ളം ഇപ്പോഴും ഇവിടെയുണ്ട്.
ഇത് പമ്പുചെയ്തുകളഞ്ഞ് വേഗം പണി തുടങ്ങും. പാലത്തിന്റെ കാലപ്പഴക്കം പരിഗണിച്ചും ഗതാഗതക്കുരുക്കിനുള്ള ശാശ്വതപരിഹാരമെന്ന നിലയ്ക്കുമാണ് പുതിയപാലം നിർമിക്കുന്നത്.
പാലത്തിന്റെ ഇരുവശത്തുമായി 125 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും നിർമിക്കും. നിലവിലെ പാലത്തിന്റെ വടക്കുഭാഗത്തുള്ള രണ്ട് സ്മാരകങ്ങളെയും ബാധിക്കാത്ത വിധത്തിലാണ് പാലംനിർമിക്കാൻ പദ്ധതിയിട്ടിട്ടുള്ളത്. പഴയപാലവും അറ്റകുറ്റപ്പണി നടത്തി ഗതാഗതത്തിന് തുടർന്നും വിനിയോഗിക്കും.