പാലക്കാട് കത്തീഡ്രൽ താത്കാലിക ദേവാലയം വെഞ്ചരിച്ചു
1492894
Monday, January 6, 2025 1:41 AM IST
പാലക്കാട്: സെന്റ് റാഫേൽസ് കത്തീഡ്രലിൽ താത്കാലികമായി നിർമിക്കപ്പെട്ട ദേവാലയത്തിന്റെ വെഞ്ചരിപ്പുകർമം രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നിർവഹിച്ചു. പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായി കത്തീഡ്രൽപള്ളി പൊളിച്ചുനീക്കിയതിനെ തുടർന്നാണ് താത്കാലിക ദേവാലയം വെഞ്ചരിച്ചത്.
ഇന്നലെ രാവിലെ ആറരയ്ക്ക് കത്തീഡ്രലിൽ താത്കാലിക ദേവാലയത്തിന്റെ പ്രധാനകവാടം നാടമുറിച്ചു ഉദ്ഘാടനം ചെയ്ത ശേഷം പ്രാർഥനാ ശുശ്രൂഷകളും വിശുദ്ധകുർബാനയമുണ്ടായിരുന്നു.
പുതിയ താത്കാലിക ദേവാലയം പുതിയതായി നിർമിക്കാൻപോകുന്ന കത്തീഡ്രൽ ദേവാലയത്തിന്റെ മുന്നാസ്വാദനമാണെന്നും ബിഷപ് പറഞ്ഞു.
വികാരി ഫാ. ജോഷി പുലിക്കോട്ടിലിനെയും അസിസ്റ്റന്റ് വികാരി ഫാ. സാൻജോ ചിറയത്തിനെയും ഇടവകാംഗങ്ങളെയും ബിഷപ് അഭിനന്ദിച്ചു. 11, 12ന് നടക്കുന്ന ഇടവക തിരുനാളിന്റെ കൊടിയേറ്റവും ബിഷപ് നിർവഹിച്ചു.വികാരി ഫാ. ജോഷി പുലിക്കോട്ടിൽ, അസിസ്റ്റന്റ് വികാരി ഫാ. സാൻജോ ചിറയത്ത്, കൈക്കാരന്മാരായ സുരേഷ് വടക്കൻ, ടി.എൽ. ജോസഫ്, തിരുനാൾ കൺവീനർമാരായ ഷാജി ജോസഫ്, ഡെന്നീസ് ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.