എംഎൽഎ വിളിച്ചുകൂട്ടിയ സർവകക്ഷി യോഗത്തിന് പുല്ലുവില; പന്നിയങ്കര ടോൾ പ്ലാസയിൽ കരാർ കമ്പനിയുടെ പോസ്റ്റർ
1493130
Tuesday, January 7, 2025 1:33 AM IST
വടക്കഞ്ചേരി: എംഎൽഎ വിളിച്ചുകൂട്ടിയ സർവകക്ഷി യോഗത്തിന് പുല്ലുവില കൽപ്പിച്ച് പന്നിയങ്കര ടോൾപ്ലാസയിൽ കരാർ കമ്പനിയുടെ പോസ്റ്റർ. ടോൾപ്ലാസയുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവാസികൾ വാഹനങ്ങളുടെ ഒറിജിനൽ ആർസി ബുക്കിന്റെ പകർപ്പും രണ്ട് തിരിച്ചറിയൽ രേഖകളും സഹിതം ഈ മാസം 15നു മുമ്പ് ടോൾപ്ലാസയിൽ സാക്ഷ്യപ്പെടുത്തണമെന്നും അല്ലാത്തപക്ഷം സൗജന്യയാത്ര അനുവദിക്കില്ലെന്നാണ് ടോൾ പ്ലാസയിൽ സൗജന്യ പാസ് അനുവദിച്ചിട്ടുള്ള ട്രാക്കിൽ ഇന്നലെ വൈകുന്നേരം പതിച്ചിട്ടുള്ളത്.
ഞായറാഴ്ച വൈകുന്നേരം എംഎൽഎ പി.പി. സുമോദ് വിളിച്ചുകൂട്ടിയ സർവകക്ഷിയോഗ തീരുമാനത്തിന് വിരുദ്ധമാണ് കരാർ കമ്പനിയുടെ ഈ നടപടി. വിഷയം പഠിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്താനും ഈ മാസം 30 വരെയുള്ള ദിവസങ്ങളിലായി ടോൾപ്ലാസ വഴി കടന്നുപോകുന്ന പ്രദേശവാസികളായ ആറ് പഞ്ചായത്തുകളിലെ വാഹനങ്ങളുടെ മൊത്തം കണക്കെടുപ്പ് നടത്താനുമാണ് ഞായറാഴ്ച തീരുമാനിച്ചിരുന്നത്. ജോയിന്റ് ആർടിഒയുടെ സഹകരണത്തോടെ നടത്തുന്ന വാഹന കണക്കെടുപ്പിനു ശേഷം എംപി കെ. രാധാകൃഷ്ണനെ കൂടി പങ്കെടുപ്പിച്ച് ഫെബ്രുവരി അഞ്ചിന് വിഷയം വീണ്ടും ചർച്ച ചെയ്യുമെന്നായിരുന്നു എംഎൽഎ ഞായറാഴ്ച അറിയിച്ചത്.
അതുവരെ തത്സ്ഥിതി തുടരണമെന്നും ദേശീയപാതാ അഥോറിറ്റി പ്രതിനിധികളും കരാർ കമ്പനി അധികൃതരും പങ്കെടുത്ത യോഗത്തിൽ തീരുമാനിച്ചതായിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പഞ്ചായത്ത് പ്രസിഡന്റുമാരും ജനകീയ സമിതി ഭാരവാഹികളും പങ്കെടുത്തതായിരുന്നു സർവകക്ഷിയോഗം. എന്നാൽ യോഗതീരുമാനം അട്ടിമറിച്ച് കരാർ കമ്പനി സ്വന്തം നിലയിൽ എടുത്തിട്ടുള്ള നടപടിക്കെതിരെ വലിയ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. ഈ രീതിയിൽ കരാർ കമ്പനി മുന്നോട്ട് പോയാൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ വീണ്ടും ആരംഭിക്കുമെന്ന് ജനകീയവേദി ഭാരവാഹിയായ ബോബൻ ജോർജ് പറഞ്ഞു.