വില്പന കുറവെങ്കിലും മംഗലംപാലത്തെ ചിപ്സ് വിപണിയിൽ "കോടി'ക്കിലുക്കം
1493551
Wednesday, January 8, 2025 7:19 AM IST
വടക്കഞ്ചേരി: മകരവിളക്കിന് ഒരാഴ്ച മാത്രം ശേഷിക്കെ മിനി പമ്പ എന്നറിയപ്പെടുന്ന മംഗലംപാലത്തെ ചിപ്സ് കടകളിൽ നടക്കുന്നതു കോടികളുടെ വില്പന. നേന്ത്രക്കായ ചിപ്സ് ഉൾപ്പെടെ ഒരു ദിവസം ഒരുകോടിയിൽപരം രൂപയുടെ വില്പന ഇവിടെ നടക്കുന്നുണ്ടെന്നാണു കണക്ക്.
നേന്ത്രക്കായ, വെളിച്ചെണ്ണ എന്നിവയുടെ വില ഉയർന്നു നിൽക്കുന്നതിനാൽ ചിപ്സ് വിലയും വർധിച്ചിട്ടുണ്ട്.
ഇതിനാൽ ഇക്കുറി വില്പനയിൽ ചെറിയ കുറവുണ്ടെന്നു കച്ചവടക്കാർ പറയുന്നു.
വിലവർധനവിലും ദിവസം ചുരുങ്ങിയത് അഞ്ചുടൺ ചിപ്സെങ്കിലും തീർഥാടകർ വാങ്ങിക്കൊണ്ടു പോകുന്നുണ്ട്.
തമിഴ്നാട്ടിൽനിന്നുള്ള തീർഥാടകരാണ് ചിപ്സിന്റെ പ്രധാന ആവശ്യക്കാർ.കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഈ ഇടതാവളത്തിൽ ഇറങ്ങിയാണ് യാത്ര തുടരുക.
കടയ്ക്കു മുന്നിൽ തീർഥാടകരുടെ ഒരു ബസ് വന്നു നിന്നാൽ 200 കിലോ മുതൽ 300 കിലോ വരെ ചിപ്സ് ചെലവാകും. 50 കിലോവരെ വാങ്ങുന്നവരുമുണ്ട്. ഹലുവ, കുരുമുളക്, ജീരകം, കടുക്, ഉലുവ, ഈന്തപ്പഴം, പൈനാപ്പിൾ തുടങ്ങിയവയുടെ വില്പന വേറെയുമുണ്ട്. നിസാരമെന്ന് തോന്നുന്ന എന്തും ഇവിടെ വില്പനവസ്തുവാണ്. കിലോ വില 600 രൂപയ്ക്കാണ് കുരുമുളക് വില്പന.
ജീരകത്തിനു 350 രൂപയും കടുക്, ഉലുവ എന്നിവയ്ക്ക് 100 രൂപയുമാണ് വില. പലവിധ സാധനങ്ങളുടെ വില്പനയുമായി തമിഴ്നാട്ടിൽനിന്നുള്ള നിരവധി കുടുംബങ്ങളും സീസണിൽ ഇവിടെ ക്യാമ്പു ചെയ്യും.
കുട്ടികൾ ഉൾപ്പെടെയുള്ളവർ തീർഥാടകരെ സമീപിച്ച് എണ്ണ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില്പന നടത്തും. ഇവർക്കും ശബരിമല സീസൺ നല്ല വരുമാനമാണ്. പൊള്ളാച്ചിക്കടുത്ത് വത്തലകുണ്ട് പ്രദേശത്തു നിന്നുള്ള കുടുംബങ്ങളാണ് ഇവിടെ കടവരാന്തകളിലും മറ്റുമായി തങ്ങുന്നത്.
മംഗലം ഗോവിന്ദാപുരം സംസ്ഥാനപാതയോരത്തും തൃശൂർ - പാലക്കാട് ദേശീയപാതയോരത്തുമായി മംഗലം പാലം ജംഗ്ഷനിൽ മാത്രം അന്പതിലേറെ ചിപ്സ് കടകളുണ്ട്. മകരവിളക്ക് കഴിയുന്നതോടെ താത്കാലിക കടക്കാരെല്ലാം ഒഴിഞ്ഞുപോകും.