തട്ടുകട തല്ലിത്തകർത്തതായി പരാതി
1493121
Tuesday, January 7, 2025 1:32 AM IST
അഗളി: അട്ടപ്പാടി മുക്കാലിയിൽ സാമൂഹ്യവിരുദ്ധർ തട്ടുകട തല്ലിത്തകർത്തതായി പരാതി. മുക്കാലി ചെമ്പകശ്ശേരി വീട്ടിൽ പഴനിയപ്പൻ മകൻ മുരുകേശിന്റെ കടയാണ് തകർക്കപ്പെട്ടത്.
കടയുടമ ഇതുസംബന്ധിച്ച് അഗളി പോലീസിൽ പരാതി നൽകി. ഞായറാഴ്ച പുലർച്ചെ നാലിനാണു കട ആക്രമിക്കപ്പെട്ടതെന്ന് മുരുകേശൻ പറഞ്ഞു. കടയ്ക്കുള്ളിലെ സാധനസാമഗ്രികൾ സമീപത്തുള്ള തോട്ടിലേക്കും പരിസരപ്രദേശത്തേക്കുമായി വലിച്ചെറിഞ്ഞിട്ടുണ്ട്.
ഭാര്യയും മൂന്നു കുട്ടികളുമുള്ള മുരുകേശിന്റെ കുടുംബത്തിന്റെ ഏക വരുമാനമാർഗമായിരുന്നു ഇത്.10000 രൂപയുടെ നഷ്ടം സംഭവിച്ചതായും ഇതിനുമുമ്പും സമാന രീതിയിൽ കട നശിപ്പിച്ചിട്ടുള്ളതായും പരാതിയിൽ പറയുന്നു.