കരുതലും കൈത്താങ്ങും: ചിറ്റൂർ താലൂക്ക് അദാലത്തിൽ ലഭിച്ചത് 1089 പരാതികൾ
1493129
Tuesday, January 7, 2025 1:32 AM IST
പാലക്കാട്: പൊതുജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, എം.ബി. രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന കരുതലും കൈത്താങ്ങും ചിറ്റൂർ താലൂക്ക് തല അദാലത്തിൽ ആകെ ലഭിച്ചത് 1089 പരാതികൾ. ഇതിൽ 396 പരാതികൾ നേരത്തെ ഓണ്‍ലൈൻ, അക്ഷയ സെന്ററുകൾ എന്നിവ മുഖേന ലഭിച്ചതാണ്. 693 പരാതികൾ അദാലത്തിൽ സജ്ജീകരിച്ച കൗണ്ടറുകളിൽ തത്സമയവും ലഭിച്ചു.
396 പരാതികളിൽ പരാതിക്കാർക്ക് മറുപടി നൽകിയിട്ടുണ്ട്. തത്സമയം ലഭിച്ച പരാതികൾ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടർ മുഖേന ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയക്കും. ഉദ്യോഗസ്ഥ തലത്തിൽ പരിഹരിക്കാൻ കഴിയാത്ത പരാതികൾ സർക്കാരിലേക്ക് കൈമാറും. ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ നടന്ന അദാലത്തിൽ കെ. ബാബു എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോൾ, ജില്ലാ കളക്ടർ ഡോ.എസ്. ചിത്ര, പാലക്കാട് ആർഡിഒ എസ്. ശ്രീജിത്ത്, ഡെപ്യൂട്ടി കളക്ടർ സച്ചിൻ കൃഷ്ണ, വിവിധ വകുപ്പുകളുടെ ജില്ലാതാലൂക്ക് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.