പാലക്കാട് ഹാഫ്മാരത്തോണിൽ വൻ ജനപങ്കാളിത്തം
1492895
Monday, January 6, 2025 1:41 AM IST
പാലക്കാട്: മലമ്പുഴ ഡാമിന്റെ മനോഹര ഭൂമികയിലൂടെ നടന്ന റബ്ഫില ഹാഫ് മാരത്തോൺ പങ്കാളിത്തത്താൽ ശ്രദ്ധേയമായി. ഫോർട്ട് റണ്ണേഴ്സ് ക്ലബ് ആയിരുന്നു സംഘാടകർ.
മൂവായിരത്തോളം പേർ 21 കിലോമീറ്റർ, 10 കിലോമീറ്റർ, 5 കിലോമീറ്റർ ഫൺ റൺ എന്നീ വിഭാഗങ്ങളിൽ പങ്കെടുത്തു. ഫാന്റസി പാർക്കിൽ നിന്നാരംഭിച്ച് അവിടെത്തന്നെ അവസാനിക്കും വിധമായിരുന്നു റൂട്ട്.
21 കിലോമീറ്റർ ഹാഫ് മാരത്തോണിൽ (ഓപ്പൺ കാറ്റഗറി) പുരുഷവിഭാഗത്തിൽ കെ. അജിത്ത് ഒന്നാമനായി.
വി. ആർ.വിഷ്ണു, ഭരത് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വനിതാ വിഭാഗത്തിൽ ജസീന ഘനി ഒന്നാമതെത്തി. ഡോ. ഷാന്തല കിണി, മോനിഷ ഖേംക എന്നിവർ രണ്ടും മൂന്നും സ്ഥാനത്തെത്തി.
പത്തു കിലോമീറ്റർ പുരുഷ വിഭാഗത്തിൽ (ഓപ്പൺ) എം. മനോജ് ഒന്നാമതെത്തി. ജെറാൾഡ് രണ്ടാം സ്ഥാനവും കെ.വി. സൂര്യജിത് മൂന്നാം സ്ഥാനവും നേടി.
വനിതാ വിഭാഗത്തിൽ എൻ. പൗർണമിക്കാണ് ഒന്നാം സ്ഥാനം. കെ. അനിത രണ്ടാമതെത്തിയപ്പോൾ കെ.വി. രാജലക്ഷ്മി മൂന്നാം സ്ഥാനം നേടി.
കേരള അത്ലറ്റിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ. ഹരിദാസ് ഹാഫ് മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ജില്ലാ കളക്ടർ ഡോ.എസ്. ചിത്രയും അഞ്ചുകിലോമീറ്റർ ഫൺ റണ്ണിൽ പങ്കാളികളായി.