വിപണിയിൽ മാങ്ങയുടെ സമൃദ്ധി; പ്രിയം മൂവാണ്ടന്‍
1493550
Wednesday, January 8, 2025 7:19 AM IST
വടക്കഞ്ചേരി: നാടൻ മാങ്ങയിനമായ മൂവാണ്ടൻ മാങ്ങയ്ക്ക് മാർക്കറ്റിൽ ആവശ്യക്കാരെറെ. മാങ്ങാ വരവ് കൂടിയതോടെ ചില്ലറവില്പന വില കിലോയ്ക്കു 80 രൂപയായി കുറഞ്ഞിട്ടുണ്ട്. നൂറുംകടന്ന് കിലോ വിലയുണ്ടായിരുന്നു.
മാങ്ങ ഇനങ്ങളായി നാടനും വിദേശികളുമായി ഏറെയുണ്ടെങ്കിലും തനി നാടനായ മൂവാണ്ടൻ മാങ്ങയ്ക്കുള്ള ഡിമാന്റ് മറ്റൊരു മാങ്ങയ്ക്കുമില്ല.
മുന്തിയ ഇനം മാങ്ങകളുടെ വരവിൽ ഇടക്കാലത്ത് മൂവാണ്ടന്‍ ആവശ്യക്കാരില്ലായിരുന്നു.
എന്നാൽ പഴയ സ്ഥിതിയൊക്കെ മാറി ഇപ്പോൾ നല്ല നാടൻ മൂവാണ്ടൻമാങ്ങ കണ്ടാൽ വില കൂടിയാലും കുറച്ചുവാങ്ങാതെ ആരും പോകില്ല. സീസണായാൽ മാങ്ങയുടെവില 50 നു താഴെ എത്തുമെങ്കിലും ഇപ്പോൾ വില ഉയർന്നുനിൽക്കും.
എന്നാൽ കിലോക്ക് മുപ്പത് രൂപക്കാണ് വീട്ടുവളപ്പിൽ നിന്നും തോട്ടങ്ങളിൽ നിന്നും കച്ചവടക്കാർ മാങ്ങ എടുക്കുന്നത്. മാവിൽ കയറി പൊട്ടിക്കാനുള്ള കൂലിച്ചെലവും മറ്റും പറഞ്ഞാണ് താഴ്ത്തി വില പറയുക. യാതൊരു പരിചരണവുമില്ലാതെ വളരുന്ന മാവിനം എന്ന നിലയിലാണ് മൂവാണ്ടനെ ഇത്രയേറെ ജനപ്രിയമാക്കുന്നത്. രോഗബാധകളൊന്നും മൂവാണ്ടനു ഏൽക്കില്ല.
അനുകൂല കാലാവസ്ഥയാണെങ്കിൽ മാവ് നിറയെ മാങ്ങയുണ്ടാകും.