കുനിയമുത്തൂർ സെന്റ് മാർക്സ് ദേവാലയ തിരുനാളാഘോഷം സമാപിച്ചു
1493544
Wednesday, January 8, 2025 7:19 AM IST
കോയമ്പത്തൂർ: കുനിയമുത്തൂർ സെന്റ് മാർക്സ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ മർക്കോസിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും സംയുക്ത തിരുനാൾ ഭക്ത്യാദരങ്ങളോടെ ആഘോഷിച്ചു.
പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച വൈകുന്നേരം നാലിനു ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് രാമനാഥപുരം രൂപത ചാൻസലർ റവ. ഡോ. ജിയോ കുന്നത്തുപറമ്പിൽ കാർമികത്വം വഹിച്ചു. ഫാ. ഫാബിൻ നീലങ്കാവിൽ തിരുനാൾ സന്ദേശം നൽകി. ഫാ. ഷിബു നടുപ്പറമ്പിൽ സഹകാർമികനായി.
നഗരവീഥിയിലൂടെ ആഘോഷ പൂർണ്ണമായ തിരുനാൾ പ്രദക്ഷിണം നടന്നു. രാമനാഥപുരം കത്തീഡ്രൽ വികാരി ഫാ. മാർട്ടിൻ പട്ടരുമഠത്തിൽ ദിവ്യകാരുണ്യ ആശീർവാദം നൽകി.
ഇടവകവികാരി ഫാ. നോബിൾ പന്തലാടിക്കൽ, കൈക്കാരന്മാരായ ഷാജു ചാഴൂർ, റോബിൻ റാഫേൽ, തിരുനാൾ കമ്മിറ്റി കൺവീനർ ബിജു കണ്ടത്തിൽ, ജോയിന്റ് കൺവീനർ സണ്ണി ജോസഫ് എന്നിവർ തിരുനാൾ ആഘോഷത്തിനു നേതൃത്വം നൽകി.