പോലീസ് നിരീക്ഷണം ഫലവത്താകുമോ?
1493549
Wednesday, January 8, 2025 7:19 AM IST
കൊഴിഞ്ഞാമ്പാറ: പൊങ്കൽ ഉത്സവവുമായി ബന്ധപ്പെട്ട് താലൂക്കിന്റെ കിഴക്കൻഅതിർത്തി മേഖലയിൽ രഹസ്യമായി നടക്കാറുള്ള കോഴിയങ്കം ഇത്തവണ പോലീസിനു തടയാനാകുമോ.
പോലീസിന്റെ സൗകര്യക്കുറവുകളാണ് പ്രധാന വെല്ലുവിളി. വിജനമായ പ്രദേശങ്ങളിലും പോലീസ് വാഹനത്തിന് എത്തിപ്പെടാനാകാത്ത തെങ്ങിൻതോപ്പുകളിലുമെല്ലാമാണ് കോഴിയങ്കം നടക്കുക.
ലക്ഷങ്ങളുടെ വാതുവയ്പ്പാണ് എല്ലാത്തവണയും നടക്കാറുള്ളത്. ഇത്തവണയും കോഴിയങ്കത്തിനു പലയിടത്തും ഒരുക്കം പുരോഗമിക്കുന്നതായാണ് സൂചനകൾ. തമിഴ്നാട്ടിൽ കോഴിപ്പോര് നിരോധിച്ചതോടാണ് വാതുവയ്പ്പുകാർ കേരളത്തിലേക്കു എത്തിത്തുടങ്ങിയത്. കൊഴിഞ്ഞാമ്പാറ, മീനാക്ഷിപുരം, ചിറ്റൂർ, കൊല്ലങ്കോട് സ്റ്റേഷൻ പരിധിയിലെ അതിർത്തി ഗ്രാമങ്ങളിലാണ് പതിവായി കോഴിയങ്കം നടത്തുന്നത്.
തിരുപ്പൂർ, കോയമ്പത്തൂർ, പഴനി, ഉടുമൽപ്പേട്ട, മടത്തിക്കുളം, പൊള്ളാച്ചി, ആനമല ഉൾപ്പെടെ സ്ഥലങ്ങളിൽനിന്നും ആഡംബര കാറുകളിലാണ് ചൂതുകളിക്കാർ എത്തുന്നത്.
തമിഴ്നാട് അതിർത്തിയിൽ വാഹനങ്ങൾനിർത്തി വാടക വാഹനങ്ങളിലാണ് പലരും ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. കോഴിയങ്കം നടത്തുന്ന ലോബിയ്ക്കു കൂട്ടായി പോലീസ് നിരീക്ഷണത്തിനു പ്രത്യേക കാവൽക്കാരും സംഘവുമുണ്ട്.
പണത്തിനു പുറമെ സ്വർണവും മൊബൈൽഫോണുകളുമെല്ലാം പണയംവച്ചും കോഴിയങ്കത്തിന്റെ വാതുവയ്പ്പ് നടക്കാറുണ്ട്. നിരവധി തവണ കേസെടുത്തിട്ടുണ്ടെങ്കിലും എല്ലാവർഷവും പോലീസിന്റെ കണ്ണുവെട്ടിച്ച് കോഴിയങ്കം നടക്കാറുണ്ട്.