വനനിയമ ഭേദഗതി പരാതികൾ അറിയിക്കാനുള്ള സമയപരിധി നീട്ടണം: സംയുക്ത കർഷകസമിതി
1493559
Wednesday, January 8, 2025 7:19 AM IST
പാലക്കാട്: സംസ്ഥാന സർക്കാർ കഴിഞ്ഞ നവംബറിൽ ഗസറ്റിൽ പ്രസിദ്ധീകരിച്ച വനനിയമ ഭേദഗതി വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കുവാനുള്ള സമയപരിധി നീട്ടി നല്കണമെന്ന് സംയുക്ത കർഷകസമിതി ആവശ്യപ്പെട്ടു.
മന്ത്രിസഭാ തീരുമാനത്തിനുശേഷം വനഭേദഗതി വിജ്ഞാപനം നവംബറിൽ ഗസറ്റിൽ പ്രസിദ്ധീകരിച്ചു എങ്കിലും പൊതുജനത്തിന്റെ ശ്രദ്ധയിൽപെട്ടത് കഴിഞ്ഞ ഡിസംബർ 12ന് മാത്രമാണ്. അന്ന് കിഫ ഉൾപ്പെടെയുള്ള കർഷക സംഘടനകൾ പൊതുവേദിയിൽ ചർച്ച ആക്കിയപ്പോഴാണ് വനനിയമ ഭേദഗതി പൊതുജനശ്രദ്ധയിൽ പെട്ടത്. ഇംഗ്ലീഷിൽ ഇറക്കിയ വിജ്ഞാപനത്തിന്റെ മലയാള പരിഭാഷ സംസ്ഥാന സർക്കാർ ലഭ്യമാക്കിയത് ജനുവരി നാലാം തിയതി മാത്രമാണ്.
മലയാള പരിഭാഷ ലഭ്യമാക്കി ആറു ദിവസം മാത്രം അഭിപ്രായം അറിയിക്കാൻ അവസരം നല്കിയത് വനംവകുപ്പിനെ പ്രീണിപ്പിക്കാനാണെന്ന് സംയുക്ത കർഷകസമിതി ആരോപിച്ചു. കേന്ദ്രത്തിന്റെ വിജ്ഞാപനങ്ങൾ പോലും പ്രാദേശിക ഭാഷയിൽ ഇറക്കി അറുപത് ദിവസം അഭിപ്രായ സ്വരൂപണത്തിന് അനുവദിക്കുന്നിടത്താണ് സംസ്ഥാന സർക്കാർ പത്ത് ദിവസം പോലും നല്കാത്തത്. ഭരണഭാഷ മലയാളം ആയിരിക്കെ മലയാളികൾ സംസ്ഥാന സർക്കാരിന് നല്കേണ്ട അഭിപ്രായത്തിലാണ് ഈ വനപ്രീണനം.
സംസ്ഥാന സർക്കാർ സാധാരണ ജനങ്ങളുടെ പക്ഷത്തുനിൽക്കേണ്ട നേരത്ത് വനം വകുപ്പിലെ ഒരു വിഭാഗത്തെ പ്രീതിപ്പെടുത്താൻ നോക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന് കർഷക സംഘടനകൾ സംയുക്ത പ്രസ്ഥാവനയിൽ അറിയിച്ചു. സാധാരണ മനുഷ്യരെ ബാധിക്കുന്ന ഗൗരവമായ വിഷയത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ ഉണ്ടാകണം എന്ന് സംയുക്ത കർഷകസമിതി ആവശ്യപ്പെട്ടു.
മലയാള വിജ്ഞാപനം ഇറങ്ങി അറുപത് ദിവസം പൊതു ജനാഭിപ്രായം അറിയുവാനായി അനുവദിക്കണം എന്ന് സംയുക്ത കർഷക അതിജീവന സമിതി ആവശ്യപ്പെട്ടു.