കീടനാശിനികൾ സബ്സിഡിനിരക്കിൽ വിതരണംചെയ്യണമെന്നു കർഷകർ
1493131
Tuesday, January 7, 2025 1:33 AM IST
നെന്മാറ: നെൽപ്പാടങ്ങളിൽ ഓല ചുരുട്ടി പുഴുവും നീരൂറ്റി കുടിക്കുന്ന ഇലപ്പേനും വ്യാപകം. വലിപ്പം കൂടിയ ഓലകൾ വന്നു തുടങ്ങിയതോടെ ഓലചുരുട്ടി പുഴു ശല്യം രൂക്ഷമായി. ഓലകളുടെ അറ്റം വളച്ചുകെട്ടിയും ചുരുട്ടിയും അതിനകത്ത് മുട്ടയിട്ട് വിരിയുന്ന പുഴുക്കൾ നെല്ലോലകളിലെ പച്ചപ്പ് കാർന്നുതിന്നാണ് ചെടികളുടെ വളർച്ച മുരടിപ്പിക്കുന്നത്. അതോടൊപ്പം നെല്ലിന്റെ ചെറിയ ഓലകളിലും തണ്ടിലും നീരൂറ്റി കുടിക്കുന്ന മുഞ്ഞ പോലെയുള്ള ഇലപ്പേനുകളും വ്യാപകമായി നെൽകൃഷിക്ക് നാശം വരുത്തുന്നു.
നല്ല തണുപ്പും കാറ്റും ഉള്ള കാലാവസ്ഥയായതിനാൽ ഇവ പെട്ടെന്ന് നെൽപ്പാടങ്ങളിലെ മുഴുവൻ ഭാഗങ്ങളിലേക്കും പടർന്നുപിടിക്കുന്നതായി കർഷകർ പറയുന്നു. നെന്മാറ, അയിലൂർ പഞ്ചായത്തുകളിലെ ബഹുഭൂരിപക്ഷം പാടശേഖരങ്ങളിലും കീടബാധ വ്യാപിച്ചു. സാധാരണ രീതിയിലുള്ള കീടങ്ങളുടെ ദേഹത്ത് തട്ടുമ്പോൾ നശിച്ചുപോകുന്ന കീടനാശിനികൾ തളിച്ച് ഇവയെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും ഓലകൾ ചുരുട്ടി അകത്തിരിക്കുന്നതിനാൽ ഇത്തരം കീടനാശിനികൾ ഫലപ്രദമാകുന്നില്ലെന്നും മരുതഞ്ചേരി മേഖലയിലെ കർഷകർ പറഞ്ഞു. ചെടികൾ വലിച്ചെടുക്കുന്ന തരത്തിലുള്ള അന്തർ വ്യാപന ശേഷിയുള്ളതും കൂടുതൽ ദിവസം നെല്ലോലകളിൽ വിഷാംശം തങ്ങിനിൽക്കുന്ന കീടനാശിനികൾ തളിക്കേണ്ട അവസ്ഥയാണ്. സ്പർശനശേഷിയുള്ള കീടനാശിനികളുടെ ഇരട്ടി വിലയാണ് അന്തർവ്യാപന ശേഷിയുള്ള കീടനാശിനികൾക്ക്.
ഒരു ലിറ്ററിന് ആയിരം മുതൽ 1300 രൂപ വരെ വില വരുന്നു. ഇത് കർഷകർക്ക് അധിക സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നു. ഏതുവിധേയും കീടങ്ങളെ നിയന്ത്രിക്കുന്നതിനായി മേഖലയിലെ കർഷകർ കീടനാശിനി തളി വ്യാപകമാക്കിയിരിക്കുകയാണ്. പകൽസമയത്തുള്ള ശക്തമായ കാറ്റും കീടനാശിനി തളിക്കുന്നതിന് തടസമാകുന്നു.
വർഷങ്ങൾ മുമ്പ് കൃഷിഭവൻ മുഖേന സബ്സിഡി നിരക്കിൽ കീടനാശിനികൾ നൽകിയിരുന്നു. ഇതിനായി കൃഷിഭവൻ അധികൃതർ നിർദേശിക്കുന്ന കീടനാശിനികൾ വാങ്ങി മറ്റു രേഖകളോടൊപ്പം ബില്ലുകൾ സമർപ്പിച്ചാൽ മതിയായിരുന്നു. വർഷങ്ങളായി കീടനാശിനികൾക്ക് നൽകുന്ന സബ്സിഡിയും നിർത്തലാക്കിയിരിക്കുകയാണ്.