മന്ത്രിയുടെ വാക്കുകൾക്കു സിനിമാ ഡയലോഗിന്റെ വിശ്വാസ്യത പോലുമില്ലെന്നു ജീവനക്കാർ
1493562
Wednesday, January 8, 2025 7:19 AM IST
പാലക്കാട്: ശമ്പളവിഷയത്തിൽ ഗതാഗത മന്ത്രി കെഎസ്ആർടിസി ജീവനക്കാർക്കു നൽകിയ വാക്ക് വെള്ളത്തിൽ വരച്ച വരപോലെ ആയെന്നും സിനിമാ ഡയലോഗിന്റെ വിശ്വാസ്യതപോലും അവകാശപ്പെടാൻ കഴിയാത്തതെന്നും കെഎസ്ടി എംപ്ലോയീസ് സംഘ് ജില്ലാ സെക്രട്ടറി ടി.വി. രമേഷ് കുമാർ പറഞ്ഞു.
പറഞ്ഞ വാക്കു പാലിക്കാതെ കെഎസ്ആർടിസിയിൽ തുടർച്ചയായി ശമ്പളം നിഷേധിക്കുന്ന വകുപ്പുമന്ത്രിക്കും ഇടതുഭരണത്തിനുമെതിരേ എംപ്ലോയീസ് സംഘ് നടത്തുന്ന സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലാ ട്രാൻസ്പോർട്ട് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനുവരിമുതൽ ഒന്നാം തിയതി തന്നെ ശമ്പളം തരുമെന്ന് കഴിഞ്ഞ മാസം പാലക്കാട് ഡിപ്പോയിൽ നടന്ന പരിപാടിയിലും ആവർത്തിച്ച വകുപ്പുമന്ത്രിയുടെ നിലപാട് അങ്ങേയറ്റം പരിഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ വൈസ് പ്രസിഡന്റ് വി. വിജയൻ അധ്യക്ഷത വഹിച്ചു.