സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ നടപടിയെടുക്കണമെന്നു താലൂക്ക് വികസനസമിതി
1493547
Wednesday, January 8, 2025 7:19 AM IST
ഒറ്റപ്പാലം: സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ നടപടി വേണമെന്നു ഒറ്റപ്പാലം താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യം. പോലീസും മോട്ടോർവാഹന വകുപ്പും ഇടപെടൽ ശക്തമാക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
പാലക്കാട് കുളപ്പുള്ളി പാതയിൽ മാർക്കിംഗുകൾ ഉൾപ്പെടെ സുരക്ഷാ ക്രമീകരണങ്ങളുടെ കുറവും രാത്രിസമയങ്ങളിലെ വെളിച്ചക്കുറവും അപകടങ്ങൾക്കു വഴിയൊരുക്കുന്നതായും പ്രതിനിധികൾ ആരോപിച്ചു.
തിരക്കേറിയ ഭാഗങ്ങളിൽ മാർക്കിംഗിനു പദ്ധതി തയാറായിട്ടുണ്ടെന്ന് പിഡബ്ല്യുഡി അറിയിച്ചു. തൃക്കടീരിയിൽ പാതയോരം കൈയേറി നിർമിച്ചതായി ആരോപിക്കപ്പെട്ട കെട്ടിടത്തിനെതിരായ നടപടിയുടെ കാര്യത്തിൽ ഉദ്യോഗസ്ഥർ മാസങ്ങളായി ഒളിച്ചുകളിക്കുകയാണെന്ന് യോഗത്തിൽ വിമർശനം ഉയർന്നു. ഉടൻ പരിശോധിച്ച് നടപടിയെടുക്കാൻ തഹസിൽദാർ നിർദേശിച്ചു. യോഗത്തിൽ കെ. പ്രേംകുമാർ എംഎൽഎ അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ കെ. ജാനകീദേവി, അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി. വിജയലക്ഷ്മി, കടമ്പഴിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ശാസ്ത്രകുമാർ, തഹസിൽദാർ സി.എം. അബ്ദുൽ മജീദ് എന്നിവർ പ്രസംഗിച്ചു.