പാലപ്പുറം റെയിൽവേ സ്റ്റേഷൻ ഇനി തുറക്കില്ല?
1492891
Monday, January 6, 2025 1:41 AM IST
ഒറ്റപ്പാലം: പൂട്ടുവീണ പാലപ്പുറം റെയിൽവേ സ്റ്റേഷൻ ഇനി തുറക്കില്ല. സ്റ്റേഷൻ പൂട്ടാതിരിക്കാൻ റെയിൽവേ പരമാവധി ശ്രമിച്ചിരുന്നു. ഇതിനായി ടിക്കറ്റ് വിൽപനക്കുപോലും ആളെ നിയോഗിച്ചു.
എന്നാൽ പുതുതായി ആരും ടിക്കറ്റ് വിൽപനക്ക് കരാറുകാരനായി എത്താതെ വന്ന സാഹചര്യത്തിൽ മറ്റ് വഴികളൊന്നും റയിൽവേക്ക് മുമ്പിലുണ്ടായിരുന്നില്ല. പൂട്ടിയ സ്റ്റേഷനുകൾ വീണ്ടും തുറക്കുകയും ട്രെയിനുകളുടെ സ്റ്റോപ് പുനഃസ്ഥാപിക്കുകയും ചെയ്യുന്നത് അസാധാരണമാണെന്നതിനാലാണ് ഇനി സ്റ്റേഷൻ തുറക്കില്ലെന്നുറപ്പിക്കാൻ കാരണം.
അതേസമയം സ്റ്റേഷൻ പൂട്ടിയിട്ടും ഇതുവഴി കഴിഞ്ഞദിവസം കടന്നുപോയ രണ്ടുട്രെയിനുകൾ സ്റ്റേഷനിൽ നിർത്തിയിരുന്നു. പാലക്കാട്–നിലമ്പൂർ, ഷൊർണൂർ–കോയമ്പത്തൂർ പാസഞ്ചർ ട്രെയിനുകളാണ് പതിവുപോലെ സ്റ്റേഷനിൽ നിർത്തിയത്. ലോക്കോ പൈലറ്റുമാർ ഓർമയില്ലാതെ നിർത്തിയതാകുമെന്നാണു റെയിൽവേയുടെ പ്രതികരണം.
അതേസമയം, മെമു ഉൾപ്പെടെ സ്റ്റേഷനിൽ സ്റ്റോപ്പുള്ള മറ്റ് ഏഴു ട്രെയിനുകൾ നിർത്താതെ പോയി.
ദിവസവും ഒന്പതു ട്രെയിനുകൾക്കു സ്റ്റോപ്പുള്ള സ്റ്റേഷനായിരുന്നു ഇത്.
അതെ സമയം പാലപ്പുറം ഹാൾട്ട് റെയിൽവേ സ്റ്റേഷൻ പൂട്ടിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനു വി.കെ .ശ്രീകണ്ഠൻ എംപി കത്തുനൽകി. മന്ത്രിക്കു പുറമേ റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർക്കും എംപി കത്തയച്ചിട്ടുണ്ട്.