പാലക്കാട്-കുളപ്പുള്ളി പ്രധാനപാതയിൽ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കും
1492892
Monday, January 6, 2025 1:41 AM IST
ഒറ്റപ്പാലം: പാലക്കാട്- കുളപ്പുള്ളി പാതയിൽ വാഹനങ്ങളുടെ വേഗം കുറയ്ക്കാൻ മൂന്നിടങ്ങളിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കാൻ തീരുമാനം.
ഒറ്റപ്പാലം നഗരസഭാപരിധിയിലെ മൂന്നിടത്ത് സുരക്ഷയൊരുക്കാനാണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനം.
കണ്ണിയംപുറം, പത്തൊൻപതാംമൈൽ, പാലപ്പുറം എന്നിവിടങ്ങളിലാകും സുരക്ഷാമുന്നൊരുക്കങ്ങൾ നടത്തുക. ഇതിനൊപ്പം പാതയ്ക്കുകുറുകെ മീഡിയനുകൾ സ്ഥാപിച്ച് വാഹനങ്ങളുടെ വേഗം നിയന്ത്രിക്കും.
പാതയിൽ അപകടങ്ങൾ പെരുകുന്ന സാഹചര്യത്തിലാണ് നടപടിക്കൊരുങ്ങുന്നത്. പാലക്കാട്- കുളപ്പുള്ളി പാതയിലും ചെർപ്പുളശേരി റോഡിലും ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളിൽ സീബ്രാലൈനുകൾ ഒരുക്കും. ഒറ്റപ്പാലത്ത് രാവിലെ എട്ടുമുതൽ 11വരെയും വൈകീട്ട് 3.30മുതൽ ഏഴുവരെയും വാഹനങ്ങളിൽനിന്ന് ചരക്കിറക്കലും കയറ്റലും ഒഴിവാക്കണം.
പട്ടണത്തിലെ ഓട്ടോറിക്ഷാ സ്റ്റാൻഡുകളിൽ പെർമിറ്റില്ലാതെ ഓട്ടോകൾ സർവീസ് നടത്തുന്നുണ്ടോയെന്ന് പരിശോധിക്കും. കണ്ണിയംപുറം സിവിൽസ്റ്റേഷൻ റോഡിൽ വാഹനങ്ങളുടെ പാർക്കിംഗ് ഒരുഭാഗത്തുമാത്രമാക്കി പരിമിതപ്പെടുത്തും. മറുഭാഗത്ത് നോ പാർക്കിംഗ് ബോർഡ് സ്ഥാപിക്കും. ഇവിടങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്യുന്നത് തടയാൻ പരിശോധനയുമുണ്ടാകും.
യോഗത്തിൽ നഗരസഭാ അധ്യക്ഷ കെ. ജാനകിദേവി അധ്യക്ഷത വഹിച്ചു.